തിരുവനന്തപുരം - മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് പുതുപ്പള്ളിയിൽ ചർച്ചയാവുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കേരള മുൻ മുഖ്യമന്ത്രിയുമായ എ.കെ.ആന്റണി പറഞ്ഞു. പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.
ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് ഇപ്പോഴും പൊരുത്തപ്പെടാനായിട്ടില്ല. ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് പുതുപ്പള്ളി ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. ആ കുടുബത്തെ ഉൻമൂലനം ചെയ്യാൻ നോക്കി. പുതുപ്പള്ളിക്കാർക്ക് അത് പൊറുക്കാനാവില്ല. ചാണ്ടി ഉമ്മനെ തേജോവധം ചെയ്യാൻ നടത്തിയ നീക്കവും മറക്കില്ല. അപ്പന്റെ പിൻഗാമിയായി മകന് പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകുമെന്നും ആന്റണി പറഞ്ഞു.
പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയായതിന് പിന്നാലെ ചാണ്ടി ഉമ്മൻ എ.കെ ആന്റണിയുടെ വഴുതക്കാട്ടെ വസതിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചാണ്ടി ഉമ്മനെ ഷാൾ അണിയിച്ച് സ്വീകരിച്ച എ.കെ ആന്റണി എല്ലാ വിജയാശംസകളും നേർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ എത്തുമെന്നും അറിയിച്ചു. അനുഗ്രഹം വാങ്ങാനാണ് ഇവിടെ വന്നതെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മാതാപിതാക്കളെ പോലെയാണ് ആന്റണിയും ഭാര്യയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.