ന്യൂദല്‍ഹി - ദേശീയ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രി ഗോപിചന്ദിനെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പെടുത്തിയതിനെതിരെ കേരളാ ഹൈക്കോടതിയില്‍ കേസ്. മലയാളി ഡബ്ള്‍സ് താരം അപര്‍ണ ബാലനാണ് കോടതിയെ സമീപിച്ചത്. വൈഷ്ണവി റെഡ്ഢിയെ ടീമിലെടുക്കാത്തതിനെതിരെ അവരുടെ അമ്മൂമ്മയും ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഭാവി പരിഗണിച്ചാണ് വളര്‍ന്നുവരുന്ന രണ്ട് സിംഗിള്‍സ് താരങ്ങളെ ടീമിലെടുത്തതെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബായ്) വിശദീകരിച്ചു.
മൂന്നാമതൊരു ഡബ്ള്‍സ് ജോഡി വേണോ അതോ വളര്‍ന്നുവരുന്ന രണ്ട് സിംഗിള്‍സ് താരങ്ങള്‍ക്ക് വലിയ മേളയില്‍ കളിച്ച് പരിചയം നേടാന്‍ അവസരം നല്‍കണമോയെന്നതായിരുന്നു സെലക്ടര്‍മാര്‍ക്കു മുമ്പിലുണ്ടായിരുന്ന ചോദ്യമെന്ന് ബായ് പറയുന്നു. മുപ്പതുകാരിയായ അപര്‍ണയും ശ്രുതി കെ.പിയും ഉള്‍പ്പെട്ട ടീമിനു പകരം സിംഗിള്‍സ് കളിക്കാരികളായ ഗായത്രിയെയും ആകര്‍ഷി കശ്യപിനെയുമാണ് ടീമിലുള്‍പെടുത്തിയത്. പി.വി. സിന്ധു, സയ്‌ന നേവാള്‍ എന്നിവരുള്‍പ്പെടെ ആറ് സിംഗിള്‍സ് കളിക്കാരും നാല് ഡബ്ള്‍സ് കളിക്കാരികളുമാണ് ടീമിലുള്ളത്. സയ്‌ന-സിന്ധു ജോഡിയും ഡബ്ള്‍സ് കളിക്കും. അശ്വനി പൊന്നപ്പയും സിക്കി റെഡ്ഢിയുമാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഡബ്ള്‍സ് കൂട്ടുകെട്ട്. ഇവരും ടീമിലുണ്ട്. സയ്‌നയും സിന്ധുവും അശ്വിനിയും മാത്രമേ ലോക റാങ്കിംഗില്‍ ആദ്യ ഇരുപത്തഞ്ചിലുള്ളൂ എന്ന് ബായ് വിശദീകരിച്ചു.
അപര്‍ണയെയും ശ്രുതിയെയും മറികടന്ന് റിതുപര്‍ണ പാണ്ഡെ-മലയാളിയായ സാറ സുനില്‍ കൂട്ടുകെട്ടിനെയാണ് ടീമിലെടുത്തത്. ആറ് ഡബ്ള്‍സ് കളിക്കാരികള്‍ ടീമില്‍ വേണമെന്ന നിലപാട് സെലക്ടര്‍മാര്‍ അംഗീകരിച്ചില്ലെന്ന് ബായ് പറയുന്നു. പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയില്ലാത്ത, മുപ്പതുകളിലേക്ക് കടന്ന ഒരു ഡബ്ള്‍സ് കളിക്കാരിക്കു (അപര്‍ണ ബാലന്‍) പകരം യുവ താരത്തിന് അവസരം നല്‍കാനുള്ള തീരുമാനമാണ് ഗായത്രി ടീമിലെത്താന്‍ കാരണമെന്നാണ് അവരുടെ നിലപാട്.
അപര്‍ണയുടെ വാദം പൂര്‍ണമായി തെറ്റല്ലെന്നാണ് ദേശീയ കോച്ച് വിമല്‍കുമാര്‍ പറയുന്നത്. എന്നാല്‍ രണ്ട് വളര്‍ന്നുവരുന്ന കളിക്കാരികളെ അയക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും മലയാളി കോച്ച് വിശദീകരിക്കുന്നു. ഗോപിചന്ദിന്റെ മകള്‍ വളര്‍ന്നുവരുന്ന കളിക്കാരിയാണ്. ഗായത്രി ടീമിലെത്തുമ്പോള്‍ എന്തായാലും വിവാദമുണ്ടാവും. കോച്ചിന്റെ മകളായതു കൊണ്ട് ഗായത്രിയെ ഒഴിവാക്കാനാവില്ല -വിമല്‍കുമാര്‍ പറഞ്ഞു. എന്നാല്‍ സിംഗിള്‍സ് കളിക്കാരികളെ ഡബ്ള്‍സ് കളിപ്പിക്കുകയും ഡബ്ള്‍സ് താരങ്ങളെ അവഗണിക്കുകയും ചെയ്യുന്ന രീതി പുനഃപരിശോധിക്കണമെന്ന് സെലക്ടര്‍ മഞ്ജു കന്‍വര്‍ നിര്‍ദേശിച്ചു.
ഗോപിചന്ദിന്റെ അക്കാദമിയില്‍ നിന്നുള്ളവര്‍ക്കു മാത്രമാണ് ദേശീയ ടീമില്‍ സ്ഥാനം കിട്ടുന്നതെന്ന ആരോപണം നേരത്തെയുണ്ട്. എന്നാല്‍ വിമര്‍ശനം വരുമെന്നതിനാല്‍, ഗായത്രിയെ ടീമിലെടുക്കുന്നതിനെ ഗോപിചന്ദ് എതിര്‍ത്തിരുന്നുവെന്നാണ് ബായ് പറയുന്നത്.