Sorry, you need to enable JavaScript to visit this website.

താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസിന്റെ അന്വേഷണം സി ബി ഐയ്ക്ക് വിട്ടു

മലപ്പുറം -  താനൂരില്‍ ലഹരി മരുന്ന് കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസിന്റെ അന്വേഷണം സി ബി ഐയ്ക്ക് വിട്ടു.  അന്വേഷണം സ്റ്റേറ്റ് ക്രൈം ബ്രാഞ്ചില്‍ നിന്ന് സി ബി ഐക്ക് കൈമാറുന്നതിനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു.  കഴിഞ്ഞ ചൊവ്വ പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. താമിര്‍ ജിഫ്രിയുടെ മരണത്തിന് പൊലീസ് മര്‍ദ്ദനം കാരണമായതായി അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.  ശരീരത്തില്‍ മയക്കു മരുന്ന് ഉപയോഗത്തെ തുടര്‍ന്നുണ്ടായ നിരവധി പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തില്‍ നീര് കെട്ടിയിരുന്നു. ഹൃദയ ധമനികള്‍ക്കും തടസ്സമുണ്ടായിരുന്നു. ശരീരത്തില്‍ 21 മുറിവുകളേറ്റിട്ടുണ്ട്. ഇടുപ്പിലും കാല്‍പാദത്തിലും കണംകാലിലും മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടിലുണ്ട്. പോലിസ് കസ്റ്റഡിയില്‍ വെച്ചാണ് മര്‍ദ്ദനമേറ്റതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. അതുപോലെ ആമാശയത്തില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ രണ്ടു പാക്കറ്റുകളുണ്ടായിരുന്നുവെന്നും ഇതില്‍ ഒന്ന് പൊട്ടിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  താമിര്‍ ജിഫ്രിയെയും മറ്റ് നാല് പേരെയും എം ഡി എം എയുമായി താനൂരില്‍ നിന്നും പിടികൂടുകയാണുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. താമിര്‍ ജിഫ്രിയെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിയ്ക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ഇയാളുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Latest News