Sorry, you need to enable JavaScript to visit this website.

ആ സഹമുറിയന്മാര്‍  വീണ്ടും ഒരുമിക്കുന്നു

2016-17 ല്‍ ഇറ്റലിയില്‍ റോമയില്‍ കളിക്കുന്ന കാലത്ത് മുഹമ്മദ് സലാഹും ആലിസന്‍ ബെക്കറും ഒളിംപിക് സ്റ്റേഡിയത്തിലെ ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. അടുത്ത സീസണ്‍ രണ്ടു പേര്‍ക്കും കുതിച്ചുചാട്ടമായിരുന്നു. പക്ഷെ രണ്ടു ദിശയിലേക്കായിരുന്നുവെന്നു മാത്രം. പിറ്റേ സീസണില്‍ ആലിസണ്‍ റോമയുടെ ഒന്നാം നമ്പര്‍ ഗോളിയായി. ചാമ്പ്യന്‍സ് ലീഗിലെ മിന്നുന്ന പ്രകടനത്തോടെ ലോക ശ്രദ്ധ നേടി. ബ്രസീലിന്റെ വല കാക്കാനുള്ള ചുമതല കിട്ടി. സലാഹ് അതിനെക്കാള്‍ വലിയ നേട്ടമാണ് കൊയ്തത്. ലിവര്‍പൂളിലെ ആദ്യ സീസണില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിനെ ഇളക്കിമറിച്ചു. പ്ലയര്‍ ഓഫ് ദ ഇയര്‍ ബഹുമതികള്‍ വാരിക്കൂട്ടി. 
സലാഹ് റോമ വിട്ട ശേഷം ഇരുവരും അധികം കണ്ടിട്ടില്ല. പിന്നീട് അവരുടെ കൂടിക്കാഴ്ച ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റോമയും ലിവര്‍പൂളും മുഖാമുഖം വന്നപ്പോഴാണ്. ഒടുവില്‍ ഇതാ ആലിസനും സലാഹും വീണ്ടും ഒരുമിക്കുന്നു. ഏറ്റവും വിലയേറിയ ഗോളിയായി ആലിസന്‍ ലിവര്‍പൂളില്‍ സലാഹിനൊപ്പമെത്തിയിരിക്കുകയാണ്.
ലിവര്‍പൂളില്‍ ചേരണമോ വേണ്ടയോ എന്ന് ആലിസന്‍ ആശങ്കിച്ചു നില്‍ക്കുന്ന സമയത്ത് ആലിസന് സലാഹില്‍ നിന്ന് ഒരു ടെക്‌സ്റ്റ് മെസേജ് കിട്ടി. 'ആരെയാണെടോ കാത്തുനില്‍ക്കുന്നത്?'
ആലിസണ്‍ മറുപടി സന്ദേശമയച്ചു: 'ഒന്നടങ്ങ്, ഞാന്‍ അവിടേക്കുള്ള വഴിയിലാണ്'.
അടുത്ത സീസണില്‍ ലിവര്‍പൂളിന്റെ ആക്രമണം നയിക്കാന്‍ സലാഹ് ഉണ്ടാവും. വല കാക്കാന്‍ ആലിസനും. അവരുടെ പാതകള്‍ വീണ്ടും കൂട്ടിമുട്ടുകയാണ്.
 

Latest News