കോട്ടയം - പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി എന്‍ വാസവന്‍. പുതുപ്പള്ളിയില്‍ സി പി എം സ്ഥാനാര്‍ത്ഥി തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ കരുത്തും പ്രാപ്തിയും മണ്ഡലത്തില്‍ സ്വാധീനവുമുള്ള വ്യക്തികള്‍ സി പി എമ്മില്‍ തന്നെയുണ്ടെന്ന് വാസവന്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടക്കുന്നില്ല. സ്ഥാനാര്‍ത്ഥി ആരെന്ന് നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും പിന്നീട് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.