Sorry, you need to enable JavaScript to visit this website.

ആദിവാസികളില്‍നിന്നു ശേഖരിച്ച 3,500 കിലോഗ്രാം 'ചുണ്ട'യുമായി ലോറി പിടിയില്‍

കല്‍പറ്റ-കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന  സുല്‍ത്താന്‍ബത്തേരി പട്ടികവര്‍ഗ സഹകരണ സംഘത്തിന്റെ ലോഡ് ലക്കിയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ചെറുകിട വനവിഭവങ്ങളുടെ ഗണത്തില്‍പ്പെട്ട 'ചുണ്ട' ലോഡാണ് കസ്റ്റഡിയിലെടുത്തത്. സംഘം ആദിവാസികളില്‍നിന്നു ശേഖരിച്ച 3,500 കിലോഗ്രാം 'ചുണ്ട'യാണ് ലോറിയിലുള്ളത്. ഔഷധ നിര്‍മാണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചരക്ക്.
മതിയായ രേഖകളുടെ അഭാവത്തിലാണ് ലോഡ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ചെറുകിട വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനും നിയമപരമായ അവകാശം സംഘത്തിനുണ്ടെന്നാണ് ഭാരവാഹികളുടെ വാദം. ചെറുകിട വനവിഭവങ്ങളുടെ ശേഖരണത്തിനും കടത്തിനും പട്ടികവര്‍ഗ സംഘങ്ങളെ അനുവദിച്ച് മുമ്പ് സബ് കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇതനുസരിച്ച് വര്‍ഷങ്ങളായി ലോഡുകള്‍ വയനാടിന് പുറത്തേക്ക് അയയ്ക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
ഏകദേശം 1.4 ലക്ഷം രൂപ വിലയ്ക്കുള്ള 'ചുണ്ട'യാണ് ലോറിയില്‍. ചെക്‌പോസ്റ്റ് പരിസരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയുടെ ഓരോ ദിവസത്തെയും വാടക നല്‍കേണ്ട ഗതികേടിലാണ് സംഘം. വനം വകുപ്പ് ലോഡ് തടഞ്ഞത് ശ്രദ്ധയില്‍പ്പെട്ട ജില്ലാ ഭരണകൂടം പ്രശ്‌നപരിഹാരത്തിന് ഇടപെട്ടതായാണ് വിവരം.

 

Latest News