ന്യൂദല്‍ഹി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനും ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തതായി എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍ എന്നിവര്‍ അറിയിച്ചു.
വ്യോമയാന സെക്രട്ടറി ആര്‍.എന്‍ ചൗബേയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.കെ രാഘവന്‍ എം.പി എന്നിവര്‍ക്ക് പുറമേ അരുണ്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറി, വ്യോമയാന മന്ത്രാലയം), ജെ.എസ് റാവത്ത്(ജോയിന്റ് ഡയറക്ടര്‍ ജനറല്‍, ഡി.ജി.സി.എ), എ.കെ പാഠക് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ), എസ്.ബിശ്വാസ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ആര്‍ക്കിടെക്ചര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ), ജെ.പി അലക്‌സ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഓപ്പറേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ), എ.കെ.എ നസീര്‍ (കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗം) എന്നിവരും പങ്കെടുത്തു.