പത്തനംതിട്ട- ബന്ധുവീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോയ ഓർമ്മക്കുറവുള്ള വയോധികന് വഴിതെറ്റി. ഇദ്ദേഹത്തിനെ കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ ഉടൻ പോലീസിനെ സമീപിച്ചു, ഊർജ്ജിതമായ പോലീസ് അന്വേഷണത്തിൽ ഒരുമണിക്കൂറിനുള്ളിൽ വയോധികനെ കണ്ടെത്തി. പന്തളം പറന്തൽ ശങ്കരത്തിൽപ്പടിയിൽ താമസിക്കുന്ന വിമുക്തഭടനായ കെ.ഒ ജോർജിനെ(75) ബുധനാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോയതാണ് ഇദ്ദേഹം. അവിടെയെത്താതായപ്പോഴാണ് വഴിതെറ്റി എങ്ങോ പോയതെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്. ഉടൻ തന്നെ ഭാര്യ ലീലാമ്മയും മകൾ ലീനയും പന്തളം പോലീസിലെത്തി പരാതി നൽകി. ബന്ധുക്കൾ വ്യാപകമായി അന്വേഷണം നടത്തുകയും ചെയ്തു. അവരെ ആശ്വസിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ, പലവഴി തിരിഞ്ഞുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതിനെ തുടർന്ന് മണിക്കൂറിനകം വയോധികനെ കണ്ടെത്തി. എസ്.ഐ മാരായ വിനോദ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ഇദ്ദേഹത്തെ സ്‌റ്റേഷനിൽ എത്തിച്ചശേഷം ബന്ധുക്കൾക്ക് കൈമാറി.