പത്തനംതിട്ട-പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തളളി. പ്രതിയെ രണ്ടു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതിൽ ആരുടെയെങ്കിലും സഹായം ലഭിച്ചുട്ടുണ്ടോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുക. അനുഷയെ കസ്റ്റഡിയിൽ കിട്ടിയതിനാൽ പരുമല ആശുപത്രിയിലേക്ക് കൊണ്ടുവന്ന് വീണ്ടും തെളിവെടുക്കും. ആവശ്യമാണെങ്കിൽ ആക്രമണത്തിന് ഇരയായ സ്‌നേഹയുടെ ഭർത്താവ് അരുണിനൊപ്പം ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകൾ സംബന്ധിച്ച് അനുഷ കൃത്യമായ മറുപടി പോലീസിന് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പോലീസ് തുടങ്ങി. അനുഷയുടെ ആദ്യ ഭർത്താവിന്റെയും ഇപ്പോഴത്തെ ഭർത്താവിന്റെയും മൊഴിയും പോലീസ് രേഖപ്പെടുത്തും. അരുണിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ര ണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്തത്. പ്രതി അനുഷയുമായുള്ള ബന്ധം, കൊലപാതക ശ്രമത്തിന് മുമ്പ് അനുഷ അരുണിനയച്ച മെസ്സേജുകൾ എന്നീ വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്. ആദ്യ തവണത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ വീണ്ടും ആവർത്തിച്ചത്. വധശ്രമത്തിന്റെ ആസൂത്രണവുമായി ബന്ധമില്ലെന്നും അരുൺ പറഞ്ഞു.