Sorry, you need to enable JavaScript to visit this website.

ദുബായില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവര്‍ റിയാദില്‍ അപകടത്തില്‍ മരിച്ചു

റിയാദ്- ദുബായില്‍ നിന്ന് ചരക്കുമായി സൗദി അറേബ്യയിലെത്തി തിരിച്ചുപോകുന്നതിനിടെ ട്രക്കിന് തീപിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈസൂര്‍ സ്വദേശി മരിച്ചു. 43 വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്തുവരികയായിരുന്ന മൈസൂര്‍ സ്വദേശി അഫസര്‍ ഖാന്‍(66) ആണ് മരിച്ചത്.
ഒരു മാസം മുമ്പ് അല്‍ഖര്‍ജിനടുത്തെ ഹറദിലാണ് ഇദ്ദേഹത്തിന്റെ ട്രക്ക് ഡിവൈഡറിലിടിച്ച് കത്തുകയും ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തത്. കാലിനാണ് പൊള്ളലേറ്റിരുന്നത്. ട്രക്കിന്റെ ഏതാനും ഭാഗങ്ങള്‍ കത്തിയിരുന്നു. പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളും കത്തിനശിച്ചവയില്‍ പെടും. സിവില്‍ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് റിയാദിലെത്തിയ ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടുമായി ബന്ധപ്പെട്ടു. അപ്പോളോ ഡിമോറ ഹോട്ടലില്‍ ഇദ്ദേഹത്തിന് താത്കാലികമായി താമസമൊരുക്കി. അതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് റിയാദ് അല്‍ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ചതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ശരിയാക്കാന്‍ ശിഹാബ് ഓടിനടക്കുന്നതിനിടെ ഇന്നലെ ചൊവ്വാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സുബൈദ ബീഗം. മൂന്നു കുട്ടികളുണ്ട്. ഹെല്‍പ് ഡെസ്‌ക് റിയാദ് അംഗങ്ങളായ നൗഷാദ് ആലുവ, ഷൈജു പച്ച, ഷൈജു നിലമ്പൂര്‍, ഡൊമിനിക് സാവിയോ, ജോര്‍ജ് എന്നിവര്‍ ശിഹാബിനെ സഹായിക്കാന്‍ രംഗത്തുണ്ട്.

Latest News