കൽപറ്റ-2018-19ലെ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതിയുടെ നോഡൽ ഏജൻസികളിൽ ഒന്നായ ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കു കീഴിൽ കോഴിക്കൃഷി നടത്തി കടക്കെണിയിലായ കർഷകർക്ക് ഇനി പ്രതീക്ഷ നീതിപീഠത്തിൽ. ബ്രഹ്‌മഗിരി സൊസൈറ്റിയിൽനിന്നു ലഭിക്കാനുള്ള പണത്തിനായി നൽകിയ കേസിൽ ഹൈക്കോടതിയിൽനിന്നു അനുകൂല ഉത്തരവ് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കർഷകർ. കോഴി കർഷകരുടെ ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേരള ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവർക്കും ക്ഷീര വികസന, മൃഗസംരക്ഷണ, കൃഷി വകുപ്പ് മേധാവികൾക്കും ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി അധികൃതർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. സൊസൈറ്റിയിൽനിന്നു കിട്ടാനുള്ള പണം സർക്കാർ നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
കേരള ചിക്കൻ പദ്ധതിയിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കർഷകർ ബ്രഹ്‌മഗിരി സൊസൈറ്റിയുമായി സഹകരിച്ചു ഇറച്ചിക്കോഴി ഉത്പാദനം നടത്തിയത്. ആറ് ജില്ലകളിലുമായി കോഴിക്കൃഷിയിൽ ഏർപ്പെട്ട കർഷകർക്ക് വിത്തുധനമായി വാങ്ങിയ മൂന്നര കോടി രൂപയും വളർത്തുകൂലി ഇനത്തിൽ 50 ലക്ഷം രൂപയും ബ്രഹ്‌മഗിരി സൊസൈറ്റി നൽകാനുണ്ട്.
ചിക്കൻ പദ്ധതിയിൽ അംഗങ്ങളായി ഫാം തുടങ്ങുന്ന കർഷകർക്കു കോഴിക്കുഞ്ഞുങ്ങളും തീറ്റയും വെറ്ററിനറി ഡോക്ടറുടേതടക്കം സേവനങ്ങളും സൊസൈറ്റി വാഗ്ദാനം ചെയ്തിരുന്നു. കോഴി ഒന്നിനു 130 രൂപയാണ് വിത്തുധനമായി സൊസൈറ്റി കർഷകരിൽനിന്നു ഈടാക്കിയത്. പദ്ധതിയിൽനിന്നു പിൻമാറുമ്പോൾ ഈ തുക തിരികെ നൽകുമെന്നായിരുന്നു വ്യവസ്ഥ. ഫാമിൽ ഉത്പാദിപ്പിക്കുന്ന കോഴി കിലോഗ്രാമിനു
എട്ട് മുതൽ 11 വരെ രൂപ വളർത്തുകൂലിയും ഉറപ്പുനൽകിയിരുന്നു. കേരള ചിക്കൻ പദ്ധതിയുടെ നോഡൽ എജൻസികളിൽ ബ്രഹ്‌മഗിരി സൊസൈറ്റി മാത്രമാണ് കർഷകരിൽനിന്നു വിത്തുധനം വാങ്ങിയത്.
കർഷകരുമായുള്ള കരാർ പാലിക്കാൻ ബ്രഹ്‌മഗിരി സൊസൈറ്റി തയാറാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് കോഴി കർഷക ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എ.മുസ്തഫ, സെക്രട്ടറി ജിജേഷ് പി.നായർ, പി.സി.മനോജൻ, ലതീഷ് നായർ എന്നിവർ പറഞ്ഞു.
2023 ജനുവരി 23ന് കർഷക പ്രതിനിധികളും ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ഭാരവാഹികളും വിഷയം ചർച്ച ചെയ്തിരുന്നു. കർഷകർക്കുള്ള പണം മാർച്ച് 31നകം നൽകുമെന്നും ഇതിൽ വീഴ്ച ഉണ്ടായാൽ 1,000 കോഴികൾക്ക് 5,000 രൂപ നിരക്കിൽ ബാച്ച് കണക്കാക്കി നഷ്ടപരിഹാരം നൽകുമെന്നും ചർച്ചയിൽ മാനേജ്‌മെന്റ് ഉറപ്പുനൽകി. ഇക്കാര്യം രേഖയാക്കി മാനേജ്‌മെന്റ്, കർഷക പ്രതിനിധികൾ ഒപ്പു പതിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് തുക ലഭിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രി ഉൾപ്പടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലം ഉണ്ടായില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
കർഷകരിൽ പലരും ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വൻതുക വായ്പയെടുത്താണ് ഇറച്ചിക്കോഴി ഉത്പാദനം ആരംഭിച്ചത്. വായ്പ കുടിശികയാക്കിയ കർഷകർ ജപ്തി ഭീഷണിയിലാണ്. 2018 ഡിസംബർ 30ന് മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതാണ് കേരള ചിക്കൻ പദ്ധതി. ആധുനിക സഹകരണ കൃഷിയുടെ ആദ്യമാതൃകയെന്നാണ് പദ്ധതിയെ സർക്കാരും നോഡൽ ഏജൻസികളും വിശേഷിപ്പിച്ചിരുന്നത്.