Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അഞ്ച് യുദ്ധക്കപ്പലുകള്‍ നിര്‍മിക്കും; 6000 തൊഴിലവസരങ്ങള്‍

റിയാദ് - അഞ്ചു യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് സ്‌പെയിനിലെ പൊതുമേഖലാ കമ്പനിയായ നവാന്റിയയുമായി കരാര്‍ ഒപ്പുവെച്ചതായി സൗദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് കമ്പനി അറിയിച്ചു. അവാന്റി 2200 ഇനത്തില്‍ പെട്ട കപ്പലുകള്‍ സൗദിയിലാണ് നിര്‍മിക്കുക. കപ്പല്‍ നിര്‍മാണ പദ്ധതി അടുത്ത ശരത്കാലത്ത് ആരംഭിക്കും. അവസാനത്തെ കപ്പല്‍ 2022 ഓടെ കൈമാറും. 2030 ഓടെ സൈനിക മേഖലയില്‍ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനവും സൗദിയില്‍ തന്നെ ചെലവഴിക്കുന്നതിന് ഉന്നമിടുന്ന വിഷന്‍ 2030 പദ്ധതി ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നവാന്റിയ കമ്പനി നല്‍കുന്ന സംയോജിത സംവിധാനങ്ങളും നവീന സാങ്കേതിക പോംവഴികളും സൗദി വിപണിയില്‍ ലഭ്യമാക്കുന്നതിനുള്ള അസാധാരണ അവസരമാണ് പുതിയ കരാറിലൂടെ ഒരുങ്ങുന്നത്. അഞ്ചു വര്‍ഷക്കാലത്തേക്ക് 6000 ഓളം തൊഴിലവസരങ്ങള്‍ പദ്ധതി ലഭ്യമാക്കും. ഇതില്‍ 1100 എണ്ണം നേരിട്ടുള്ള തൊഴിലവസരങ്ങളും 1800 എണ്ണം അനുബന്ധ വ്യവസായ മേഖലകളിലെ തൊഴിലവസരങ്ങളും 3000 എണ്ണം പരോക്ഷ തൊഴിലവസരങ്ങളുമാകും.
യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട ജോലികളുടെ 60 ശതമാനത്തിലധികം സൗദിവല്‍ക്കരിക്കുന്നതിന് നവാന്റിയ കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത പദ്ധതി സഹായിക്കുമെന്ന് സൗദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഹ്മദ് അല്‍ഖതീബ് പറഞ്ഞു. സൈനിക വ്യവസായ മേഖലയില്‍ മുന്‍നിര സ്ഥാനം കൈവരിക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യം നേടുന്നതിനും പദ്ധതി സഹായകമാകും. സൈനിക വ്യവസായ സാങ്കേതികവിദ്യ സൗദിയിലേക്ക് നീക്കുകയും സൈനിക ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന പണത്തിന്റെ പകുതിയിലധികം സൗദിയില്‍ തന്നെ ചെലവഴിക്കുകയും ചെയ്യുകയെന്ന പ്രധാന ലക്ഷ്യം നേടുന്നതിന് പുതിയ സഹകരണങ്ങളും പങ്കാളിത്തങ്ങളും സ്ഥാപിക്കുന്നതിന് ശ്രമം തുടരുമെന്നും അഹ്മദ് അല്‍ഖതീബ് പറഞ്ഞു.
 

Latest News