തിരുവനന്തപുരം-മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് മാസപ്പടി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം നിയമസഭയില്‍ ആയുധമാക്കാനുള്ള നീക്കവുമായി പ്രതിപക്ഷം. വീണാ വിജയന് സേവനമില്ലാതെ പണം നല്‍കി എന്നുള്ളതാണ് വിവാദം. മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപയാണ് വീണയ്ക്ക് ലഭിച്ചത്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റേതാണ് കണ്ടെത്തല്‍. ഇത് സഭയില്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സി എം ആര്‍ എല്‍) എന്ന സ്വകാര്യ കമ്പനിയാണ് വീണയ്ക്ക് മാസപ്പടി നല്‍കിയത്. പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂദല്‍ഹി ബെഞ്ച് പറയുന്നത്.
വീണയും സ്വന്തം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യന്‍സും സി എം ആര്‍ എലുമായി കരാറുണ്ടാക്കിയിരുന്നു. ഐടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍, സേവനങ്ങളൊന്നും നല്‍കിയില്ലെങ്കിലും കരാര്‍ പ്രകാരം മാസംതോറും പണം നല്‍കിയെന്നാണ് സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിന് മൊഴി നല്‍കിയത്.