കോട്ടയം - പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി രംഗത്തെത്തി. മണര്‍കാട് പള്ളിയിലെ പെരുന്നാള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ എട്ട് വരെയാണ് നടക്കുന്നത്. സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വലിയ തോതില്‍ ജനങ്ങള്‍ ഒത്തു കൂടുന്ന പള്ളി പെരുന്നാള്‍ വോട്ടെടുപ്പിനെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റിയുടെ നിലപാട്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് മുന്‍പോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.