Sorry, you need to enable JavaScript to visit this website.

അപൂർവ ജോഡിയിൽ ഇനി ഒരു പാതി മാത്രം

മലയാള സിനിമയിൽ അപൂർവമായ നേട്ടങ്ങൾ കുറിച്ചിട്ടാണ് സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിലെ ആദ്യപാതി വിടപറയുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിജയിച്ച സംവിധായക ജോഡികൾ സിദ്ദീഖും ലാലുമായിരുന്നു. റാംജി റാവു സ്പീക്കിങ്ങ് എന്ന ആദ്യ ചിത്രം ഇറങ്ങിയപ്പോൾ ജനം കരുതിയത് സിദ്ദീഖ് ലാൽ ഒറ്റപ്പേരാണെന്നാണ്. ഹിറ്റുകളുടെ പരമ്പര സൃഷ്ടിച്ചുകൊണ്ട് സിദ്ദീഖും ലാലും മലയാള സിനിമയുടെ വിജയമുഖമായി മാറി. 

സിദ്ദീഖ് ലാലിന്റെ രണ്ടു സിനിമകൾക്ക് മൂന്നു ഭാഗങ്ങൾ വന്നു. ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗമായി ടു ഹരിഹർ നഗറും മൂന്നാം ഭാഗമായി ഗോസ്റ്റ് ഹൗസ് ഇന്നും തിരശീലയിലെത്തി. സിദ്ദീഖ് ലാൽ കൂട്ടുകെട്ട്ി വേർപിരിഞ്ഞ ശേഷം രണ്ടും മൂന്നും ഭാഗങ്ങൾ സംവിധാനം ചെയ്തത് ലാൽ ആയിരുന്നു. റാംജി റാവുവിന്റെ രണ്ടാം ഭാഗം മാന്നാർ മത്തായി സ്പീക്കിങ്ങ്, മൂന്നാം ഭാഗം മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്നീ പേരുകളിൽ വിജയം നേടി. മാന്നാർ മത്തായി ഒരുക്കിയത് മാണി സി കാപ്പനും മാന്നാർ മത്തായി സ്പീക്കിങ്ങ് 2 സംവിധാനം ചെയ്തത് മാമാസ് കെ ചന്ദ്രനുമായിരുന്നു. മാന്നാൽ മത്തായി ഇന്നസെന്റിന് മലയാള സിനിമയിൽ പുതിയ പരിവേഷം നൽകിയ കഥാപാത്രമായിരുന്നു. 

മലയാളത്തിൽ നിന്ന് ബോളിവുഡിലെത്തി വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞത് പ്രിയദർശനാണെങ്കിലും ബോഡി ഗാർഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിൽ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ് സൃഷ്ടിച്ച മലയാള സംവിധായകനായി സിദ്ദീഖ് മാറി. 

നിരവധി സിനിമകളുടെ കഥയും തിരക്കഥയും എഴുതിയിട്ടും ക്രെഡിറ്റ് ലഭിക്കാതെ പോയ അനുഭവവും സിദ്ദീഖ് ലാലിനുണ്ട്. നാടോടിക്കാറ്റ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ സിദ്ദീഖ് ലാലിന്റേതായിരുന്നു. എന്നാൽ അതിന്റെ മുഴുവൻ ക്രെഡിറ്റുമെടുത്തത് ശ്രീനിവാസനാണ്. സ്റ്റോറി ഐഡിയ എന്ന ക്രെഡിറ്റ് മാത്രമാണ് സിദ്ദീഖ് ലാലിന് ലഭിച്ചത്. കോടതിയെ സമീപിക്കാൻ വരെ ആലോചന നടന്നെങ്കിലും ഗുരുവായ ഫാസിലിന്റെ ഉപദേശ പ്രകാരം പിൻവാങ്ങുകയായിരുന്നു. പിൽക്കാലത്ത് സിദ്ദീഖിന്റെ ഫ്രണ്ട്‌സ് എന്ന ഹിറ്റ് സിനിമയിൽ ശ്രീനിവാസിന് മുഴുനീള ഹാസ്യവേഷം നൽകിയതും ചരിത്രം.

ആക്ഷനും ഹാസ്യവും സമാസമം ചേർത്തൊരുക്കിയ ഗോഡ്ഫാദറിനെ മണിരത്‌നം പ്രശംസിച്ചിട്ടുണ്ട്. ഗോഡ്ഫാദറിന് മികച്ച ജനപ്രിയ സിനിമക്കുള്ള അവാർഡ് ലഭിച്ചതാണ് ആദ്യമായും അവസാനമായും സിദ്ദീഖിന് ലഭിച്ച സംസ്ഥാന പുരസ്‌കാരം. ദേശീയ അവാർഡ് നിർണയത്തിൽ ജനപ്രിയ അവാർഡിനായി ഗോഡ്ഫാദറും ചിന്നത്തമ്പിയുമാണ് മത്സരിച്ചത്. എന്നാൽ ആ വർഷം ജനപ്രിയ ചിത്രത്തിന് അവാർഡ് നൽകേണ്ടെന്നാണ് ജൂറി തീരുമാനിച്ചത്. 

സിദ്ദീഖ് തേച്ചുമിനുക്കിയെടുക്കുന്ന തിരക്കഥയിലെ സൂക്ഷ്മത നിരവധി അനശ്വര കഥാപാത്രങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. റാംജി റാവു സ്പീക്കിങ്ങിൽ ഇന്നസെന്റിന്റെ മാന്നാർ മത്തായി, ഇൻ ഹരിഹർ നഗറിലെ റിസബാവയുടെ ജോൺ ഹോനായി, ഗോഡ്ഫാദറിൽ എൻ എൻ പിള്ള അനശ്വരനാക്കിയ  അഞ്ഞൂറാൻ, മമ്മൂട്ടിയുടെ ഹിറ്റ്‌ലർ മാധവൻ കുട്ടി എന്നിങ്ങനെ സിനിമയെക്കാളും പ്രശസ്തരായ കഥാപാത്രങ്ങൾ. കൗണ്ടർ ഫലിതങ്ങളുടെ രാജാക്കൻമാരായിരുന്നു സിദ്ദീഖും ലാലും. ഇവരെഴുതിയ ഡയലോഗുകളാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ട്രോളൻമാർ തലങ്ങും വിലങ്ങും എടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്നത്.
 

Latest News