ചിറ്റാരിക്കാൽ- വിമാന ടിക്കറ്റിനായി 2,95,000 രൂപ വാങ്ങി വ്യാജ ടിക്കറ്റ് നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു. പാലാവയൽ നിരത്തുംതട്ടിൽ ലിജോ ജോസിന്റെ ഭാര്യ ബിജിലി ജോജിയുടെ പരാതിയിലാണ് കേസ്. ബിജിലി ന്യൂസിലൻഡിലായിരുന്നു. ഈ സമയത്ത് നാട്ടിലേക്ക് വരാനും തിരിച്ചു പോകാനും വിമാന ടിക്കറ്റ് തരപ്പെടുത്താൻ ഫോർച്യൂൺ ടൂർസ് ആന്റ് ട്രാവൽസ് മുഖേന കണ്ണൂർ പേരാവൂരിലെ നീതു അനിൽകുമാറിനെ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 21 നാണ് സംഭവം. ടിക്കറ്റ് ബുക്ക് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നൽകിയ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.