തലശ്ശേരി- കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടിയിലേറെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒളിവിലുള്ള മുൻ ജീവനക്കാരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളി. ചീഫ് അക്കൗണ്ടന്റ് ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ. സിന്ധുവിന്റെ (45) ഹരജിയാണ് തള്ളിയത്. തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ജ്വല്ലറി എം.ഡി കണ്ണൂർ ടൗൺ പൊലിസിൽ പരാതി നൽകിയിരുന്നു. 2004 മുതൽ അക്കൗണ്ടന്റായി ജോലിചെയ്യുന്ന സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് 7,55,30,644 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായിരുന്നില്ല. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി.