കോഴിക്കോട്- വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം അവിശ്വാസിയായ ഒരാളെ ഏൽപ്പിച്ചത് കേരളത്തിലെ ഇസ്ലാം മതവിശ്വാസികളെ ധിക്കരിക്കലും പരിഹസിക്കലുമാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായ്. അവിശ്വാസകൈകളിൽ വഖഫ് ബോർഡിന്റെ കൈകാര്യാവകാശം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വസ്തു വഖഫ് ചെയ്താൽ അതിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. വഖഫ് സ്വത്ത് വാഖിഫ് (വഖഫ് ചെയ്തയാൾ) ഏത് കാര്യത്തിനാണോ വഖഫ് ചെയ്തത് അതിന് മാത്രമേ അത് ഉപയോഗിക്കാവൂ. അത് വകുപ്പ് മാറി ചെലവഴിക്കാനോ വിൽപ്പന നടത്താനോ പാടില്ല. ഇസ്ലാമിക നിയമപ്രകാരം അത് കൈകാര്യം ചെയ്യുന്നതിനാണ് സർക്കാർ വഖഫ് ബോർഡ് രൂപീകരിച്ചത്. അതിന്റെ നേതൃസ്ഥാനത്തിരിക്കുന്നവർ നിർബന്ധമായും വഖഫ് നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടവരാണ്. പ്രത്യേകിച്ച് ചെയർമാൻ.
ചെയർമാന്റെ പ്രഥവും പ്രധാനവുമായ യോഗ്യത വഖഫിൽ വിശ്വാസമുണ്ടാവുക എന്ന് തന്നെയാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനം ആദ്യം അല്ലാഹുവിൽ വിശ്വസിക്കുകയാണ്. വിശ്വാസമാവട്ടെ പ്രവൃത്തിയിലും പ്രതിഫലിക്കണം.
എന്നാൽ കേരള വഖഫ് ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് കേരള സർക്കാർ ഇപ്പോൾ നിയമിച്ചിരിക്കുന്നത് തികച്ചും മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയെയാണ്.
ഇത് കേരളത്തിലെ ഇസ്ലാം മതവിശ്വാസികളെ ധിക്കാരിക്കലും പരിഹസിക്കലുമാണ്. ഇന്ത്യയിൽ മതേതത്വം എന്നതിനർത്ഥം മതമില്ലായ്മയല്ല. എല്ലാ മതങ്ങളേയും പരിഗണിക്കുക എന്നാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം മതവിരുദ്ധത ഒളിച്ചു കടത്തുന്ന ഇടത് സർക്കാർ തിരിച്ചറിയണം. ദേവസ്വം ബോർഡും വഖഫ് ബോർഡുമെല്ലാം അതതിന്റെ വിശ്വാസികളെ ഏൽപ്പിക്കുക എന്നതാണ് ആ സംവിധാനത്തോട് സർക്കാർ ചെയ്യേണ്ട ആദ്യ നീതി. അത് അവഗണിക്കുന്നത് പ്രതിഷേധാർഹം തന്നെയാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.