കൊച്ചി- എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അല്‍പസമയം മുമ്പാണ് സംവിധായകന്‍ സിദ്ദിഖിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടതെങ്കിലും ഉച്ചമുതല്‍ തന്നെ അദ്ദേഹം മരണപ്പെട്ടതായി സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നിരുന്നു. ഫെയ്‌സ് ബുക്കില്‍ മരണവാര്‍ത്ത പങ്കുവെച്ച പ്രമുഖരടക്കം പലരും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഓരോ മണിക്കൂറിലും വഷളാവുകയായിരുന്നു. ആത്മമിത്രമായ സംവിധായകന്‍ ലാല്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു.
കരള്‍ രോഗബാധയെ തുടര്‍ന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിദ്ദീഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയും ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ 9 മുതല്‍ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദര്‍ശനം. വൈകിട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം.