Sorry, you need to enable JavaScript to visit this website.

വഖഫ് ബോർഡ് ചെയർമാന്റെ നിയമനത്തിൽ വിമർശവുമായി യുവ സുന്നി നേതാക്കൾ

കോഴിക്കോട് -  പി.എസ്.സി മുൻ ചെയർമാൻ അഡ്വ. എം.കെ സക്കീറിനെ വഖഫ് ബോർഡ് ചെയർമാനാക്കിയതിൽ വിമർശവുമായി സുന്നി സംഘടനാ നേതാക്കൾ രംഗത്ത്. ഇരുവിഭാഗം സമസ്തയുടെയും യുവജന നേതാക്കളായ നാസർ ഫൈസി കൂടത്തായി, മുഹമ്മദലി കിനാലൂർ, ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവരാണ് സർക്കാർ നീക്കത്തിൽ എതിർപ്പറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ടി.കെ ഹംസയുടെ പിൻഗാമിയായി പുതുതായി കണ്ടെത്തിയ വഖഫ് ബോർഡ് ചെയർമാന്റെ 'മതവിശ്വാസം' പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയാണ്‌ യുവസുന്നി നേതാക്കളുടെ പ്രതികരണം.
  വഖഫ് സ്വത്തുക്കൾ പൂർണമായും മതപരമായ ഉദ്ദേശത്തോടെ നൽകുന്നതാണെന്നും അത് കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും മതവിശ്വാസികളായിരിക്കണമെന്നും സമസ്ത ഇ.കെ വിഭാഗം യുവജന നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ദേവസ്വം ബോർഡും വഖഫ് ബോർഡുമെല്ലാം അതതിന്റെ വിശ്വാസികളെ ഏൽപ്പിക്കുക എന്നതാണ് ആ സംവിധാനത്തോട് സർക്കാർ ചെയ്യേണ്ട ആദ്യ നീതി. അത് അവഗണിക്കുന്നത് പ്രതിഷേധാർഹമാണ്. ചെയർമാന്റെ പ്രഥവും പ്രധാനവുമായ യോഗ്യത വഖഫിൽ വിശ്വാസമുണ്ടാവുക എന്ന് തന്നെയാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനം ആദ്യം അല്ലാഹുവിൽ വിശ്വസിക്കുകയാണ്. വിശ്വാസമാവട്ടെ പ്രവൃത്തിയിലും പ്രതിഫലിക്കണം.
 എന്നാൽ, കേരള വഖഫ് ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് കേരള സർക്കാർ ഇപ്പോൾ നിയമിച്ചിരിക്കുന്നത് തികച്ചും മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെയാണ്. ഇത് കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികളെ ധിക്കാരിക്കലും പരിഹസിക്കലുമാണ്. ഇന്ത്യയിൽ മതേതത്വം എന്നതിനർത്ഥം മതമില്ലായ്മയല്ല. എല്ലാ മതങ്ങളേയും പരിഗണിക്കുക എന്നാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം മതവിരുദ്ധത ഒളിച്ചുകടത്തുന്ന ഇടത് സർക്കാർ തിരിച്ചറിയണമെന്നും 'അവിശ്വാസകൈകളിൽ വഖഫ് ബോഡിന്റെ അമാനത്തോ?'  എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിൽ നാസർ ഫൈസി ചൂണ്ടിക്കാട്ടി.
 വഖഫ് ബോർഡ് ചെയർമാനായി പി ശ്രീരാമകൃഷ്ണനെയോ കോഴിക്കോട്ടുകാരനായ പി.കെ പ്രേംനാഥിനെയോ നിയമിക്കണമെന്നായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിന്റെ യുവ നേതാവായ മുഹമ്മദലി കിനാലൂരിന്റെ പരിഹാസം. സക്കീറിനെക്കാൾ എന്തുകൊണ്ടും ആ സ്ഥാനത്തേക്ക് ഇരുവരും യോഗ്യരാണ്. മുസ്‌ലിം സമുദായവുമായി അത്രമേൽ ബന്ധമുള്ള രണ്ട് സി.പി.എമ്മുകാർ എന്ന നിലക്കാണ് ഇവരുടെ പേര് നിർദേശിച്ചത്. ആ ബന്ധം പോലും സമുദായവുമായി സക്കീറിനില്ലെന്ന കാര്യം അങ്ങാടിപ്പാട്ടാണെന്നും വഖഫ് ബോർഡ് ചെയർമാനാകാൻ വിശ്വാസിയാവണമെന്ന് നിയമമില്ലെന്നാണ് സക്കീറിന്റെ നിയമനത്തിൽനിന്ന് മനസിലാകുന്നതെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടി.
 ഇടതുപക്ഷക്കാരനായിരുന്നെങ്കിലും മുൻ ചെയർമാനായ ടി.കെ ഹംസ ജീവിതത്തിൽ ആധ്യാത്മികതയുടെ ഒരു വിളക്ക് കെടാതെ സൂക്ഷിച്ചയാളായിരുന്നുവെന്ന് ഇ.കെ സമസ്തയുടെ മറ്റൊരു നേതാവായ ഓണമ്പള്ളി മുഹമ്മദ് ഫൈസി കുറിച്ചു. പക്ഷേ, പുതിയ വഖഫ് ബോർഡ് ചെയർമാൻ മതനിയമങ്ങളിലെ അറിവിലും വിശ്വാസത്തിലും എത്രത്തോളമുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവിതം സാമാന്യേന ബോധ്യപ്പെടുത്തി തരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Latest News