- സംസ്ഥാന സിനിമാ പുരസ്‌കാര ദാനം
തിരുവനന്തപുരം - സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ നടൻ മോഹൻ ലാലിനെ മുഖ്യാതിഥിയാക്കാനുള്ള നീക്കത്തിൽ എതിർപ്പുമായി ചലച്ചിത്ര പ്രവർത്തകർ. സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് മോഹൻ ലാലിനെ മുഖ്യാതിഥിയാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ എതിർപ്പ് ഉയർന്നതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനനുകൂലമായ നിലപാട് സ്വീകരിച്ച മോഹൻ ലാലിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ എന്തു വേണമെന്ന കാര്യത്തിൽ സംസ്‌കാരിക വകുപ്പ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
മോഹൻ ലാലിനെ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുപ്പിക്കുന്ന തീരുമാനത്തെ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ എതിർത്തു. മോഹൻലാൽ വന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നു സംവിധായകനും ജൂറി അംഗവുമായ ഡോക്ടർ ബിജു ഫെയ്‌സ്ബുക്കിൽ കുറിച്ചതോടെ വിവാദം കൂടുതൽ ശക്തമായി. ഓഗസ്റ്റ് എട്ടിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് കൊല്ലത്ത് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് വേദി തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു.
അക്കാദമി ജനറൽ കൗൺസിൽ അംഗം വി.കെ.ജോസഫ് മോഹൻലാലിനെ കടുത്ത വാക്കുകളിലാണ് വിമർശിച്ചത്. പുരസ്‌കാരദാനച്ചടങ്ങിൽ അവാർഡ് നേടിയവരും മുഖ്യമന്ത്രിയും മാത്രം മതിയെന്നതാണ് വി.കെ.ജോസഫിന്റെ നിലപാട്. മോഹൻലാൽ ആയിരിക്കും മുഖ്യാതിഥിയെന്ന് മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ ചേർന്ന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ യോഗത്തിൽ എതിർപ്പ് ഉയർന്നിരുന്നു. മോഹൻലാലിന് പകരം മമ്മൂട്ടിയെ ഉൾപ്പെടുത്താമായിരുന്നു എന്ന അഭിപ്രായമുണ്ടായെങ്കിലും മോഹൻലാലിനെ മാറ്റിനിർത്തുക എന്ന നിലപാടിനായിരുന്നു പ്രഥമ പരിഗണന ലഭിച്ചത്.
ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹൻലാലിനെ മാറ്റിനിർത്തണമെന്നാണ് സംവിധായകനും ജൂറി അംഗവുമായ ഡോ.ബിജു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. നടീനടന്മാരുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാൽ സ്വീകരിച്ച നിലപാടിനോട് ആക്രമണത്തിനിരയായ നടിയെ അനുകൂലിക്കുന്നവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ദിലീപിനെ എ.എം.എം.എയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത് മോഹൻലാൽ അധ്യക്ഷനായിരുന്ന യോഗത്തിലാണ്. അതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലും നടിക്ക് ഒപ്പമെന്ന് പറഞ്ഞപ്പോഴും ദിലീപിന് വേണ്ടിയാണ് പ്രാർഥനയെന്ന് തുറന്നുപറയുകയും ചെയ്തു. ഇതിനെതിരെ ഡബ്ല്യൂ.സി.സി രംഗത്ത് എത്തിയിരുന്നു. ഇതിന്റെയൊക്കെ തുടർച്ചയാണ് അവാർഡ്ദാന ചടങ്ങിൽ നിന്ന് മോഹൻലാലിനെ മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നത്. മോഹൻ ലാലിനെ പങ്കെടുപ്പിച്ചാൽ അവാർഡ് ജേതാക്കളിൽ ചിലർ വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്.