കൽപറ്റ-കോൺഗ്രസിലെ വി.എൻ.ശശീന്ദ്രൻ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റാകും. ഇക്കാര്യത്തിൽ പാർട്ടി പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും. അതേസമയം, യു.ഡി.എഫ് ധാരണയനുസരിച്ച് മുസ്‌ലിംലീഗിലെ കെയെംതൊടി മുജീബ് രാജിവെക്കുന്ന മുറയ്ക്ക് കൽപറ്റ നഗരസഭയിൽ ആരെ ചെയർമാനാക്കണമെന്നതിൽ കോൺഗ്രസിൽ ധാരണ വൈകുകയാണ്.
മൂപ്പൈനാട് പഞ്ചായത്തിൽ കടച്ചിക്കുന്ന് വാർഡ് അംഗവും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ വി.എൻ.ശശീന്ദ്രനും അരമംഗലംചാൽ വാർഡ് മെംബറും കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റുമായ ആർ.ഉണ്ണികൃഷ്ണനും പ്രസിഡന്റ് പദവിക്കു ചരടുവലി നടത്തിയിരുന്നു. പാർട്ടിയിലെ ഐ ഗ്രൂപ്പുകാരാണ് ഇരുവരും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി മെംബർ പി.പി.ആലി, ബ്ലോക്ക് പ്രസിഡന്റ് ബി.സുരേഷ് ബാബു എന്നിവർ മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് പ്രസിഡന്റ് വിഷയത്തിൽ ധാരണയായത്. ഇതനുസരിച്ച് ഭരണത്തിന്റെ രണ്ടാംപകുതിയുടെ ആദ്യത്തെ ഒന്നര വർഷം വി.എൻ.ശശീന്ദ്രനും അവസാനത്തെ ഒരു വർഷം ഉണ്ണികൃഷ്ണനും പ്രസിഡന്റ് സ്ഥാനം ലഭിക്കും. പാർട്ടി മണ്ഡലം കമ്മിറ്റി പലവട്ടം ചർച്ച നടത്തിയെങ്കിലും പ്രസിഡന്റ് വിഷയത്തിൽ അഭിപ്രായ ഐക്യം ഉണ്ടായിയിരുന്നില്ല. മുന്നണി ധാരണയനുസരിച്ച് പഞ്ചായത്തിൽ മുസ്‌ലിം ലീഗിലെ എ.കെ.റഫീഖ് പ്രസിഡന്റ് സ്ഥാനം ആഴ്ചകൾ മുമ്പ് രാജിവെച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്‌ലിംലീഗിലെ ഷൈബാൻ സലാമിനെ ഈയിടെ തെരഞ്ഞെടുത്തിട്ടുണ്ട്. 16 അംഗങ്ങളാണ് മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിയിൽ. മുസ്‌ലിംലീഗ്-ആറ്, കോൺഗ്രസ്-അഞ്ച്, സി.പി.എം-അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില.
കൽപറ്റ നഗരസഭയിൽ അടുത്ത ചെയർമാൻ ആരാകണമെന്നതിൽ കോൺഗ്രസിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് മുസ്‌ലിംലീഗിലെ കെയെംതൊടി മുജീബ് പദവിയിൽ തുടരുന്നത്. മുന്നണി ധാരണയനുസസരിച്ച് ജൂൺ 30ന് രാജിവെക്കേണ്ടതായിരുന്നു ഇദ്ദേഹം.
എമിലി ഡിവിഷനിൽനിന്നുള്ള കൗൺസിലർ അഡ്വ.ടി.ജെ.ഐസക്കും മടിയൂർ ഡിവിഷനിൽനിന്നുള്ള പി.വിനോദ്കുമാറുമാണ് ചെയർമാൻ സ്ഥാനത്തിനുവേണ്ടി രംഗത്ത്. പാർട്ടിയിലെ കെ.സി.വേണുഗോപാൽ ഗ്രൂപ്പുകാരനാണ് കെ.പി.സി.സി സെക്രട്ടറിയുമായ ഐസക്. രമേശ് ചെന്നിത്തല വിഭാഗക്കാരനാണ് വിനോദ്കുമാർ. ചെയർമാൻ സ്ഥാനം ലഭിച്ചില്ലെങ്കിൽ കടുത്ത തീരുമാനം എടുക്കുമെന്ന നിലപാടിലാണ് വിനോദ്കുമാർ. ഭരണത്തിന്റെ അവസാന ഒരു വർഷം ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി നേതാക്കളിൽ ചിലർ നടത്തിയ ശ്രമം ഫലിച്ചില്ല. 28 ഡിവിഷനുകളാണ് നഗരസഭയിൽ. യു.ഡി.എഫിനു 15 ഉം എൽ.ഡി.എഫിനു 13ഉം കൗൺസിലർമാരുണ്ട്. യു.ഡി.എഫിൽ മുസ്‌ലിംലീഗിനു ഒമ്പതും കോൺഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ് അംഗങ്ങളിൽ രണ്ടുപേർ കൂടെ അടിയുറച്ചുനിൽക്കുന്നതാണ് വിനോദ്കുമാറിന്റെ ബലം. ചെയർമാൻ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലുള്ള തർക്കം മുതലെടുക്കാൻ എൽ.ഡി.എഫും കരുക്കൾ നീക്കുന്നുണ്ട്.