Sorry, you need to enable JavaScript to visit this website.

ഒരുക്കങ്ങള്‍ അതിവേഗത്തിലാക്കി മുന്നണികളും, പുതുപ്പള്ളിച്ചൂടേറി

കോട്ടയം- അപ്രതീക്ഷിത വേഗത്തിലായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം. അതിലും വേഗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചു യുഡിഎഫ് തെരഞ്ഞെടുപ്പ് ആവേശത്തിനു തിരികൊളുത്തി.  ഉമ്മന്‍ചാണ്ടി മരിച്ച് 22 ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിലേക്ക് പുതുപ്പള്ളി നീങ്ങുകയാണ്. ബാംഗഌരിലെ ചികിത്സയ്ക്കിടെ ഉമ്മന്‍ചാണ്ടിയുടെ അന്ത്യം ജൂലൈ 18 നായിരുന്നു.പിറ്റേന്ന് തന്നെ ഒഴിവ് വിജ്ഞാപനം പുറപ്പെടുവിച്ചു. ആറുമാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ സൂചന നേരത്തെ തന്നെയുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് വൈകുന്നേരം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ അറിയിച്ചു. പ്രതീക്ഷിച്ചതുപോലെ ചാണ്ടി ഉമ്മനെ  ഉമ്മന്‍ചാണ്ടിയുടെ പകരക്കാരനായി പാര്‍ട്ടി നിയോഗിച്ചു.തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുഡിഎഫ്അങ്കത്തട്ടിലേക്ക്.  ഉമ്മന്‍ചാണ്ടിയുടെ മരണശേഷം പുതുപ്പള്ളിയിലെ വസതിയിലും പള്ളിയിലെ കബറിടത്തിലുമായി ഒതുങ്ങിയ ചാണ്ടി ഉമ്മന്‍ ഇനി പടയോട്ടത്തിന്റെ ദിനങ്ങളാണ്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ സീറ്റു മോഹികള്‍ അനവധിയാണ്. ഇത്തവണ യാക്കോബായ പക്ഷത്തിന് സീറ്റ് വേണമെന്നുവരെ വാദിക്കുന്നവര്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കുടുംബം പക്ഷേ  നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും താല്‍പര്യമില്ലെന്ന് രണ്ടു പെണ്‍മക്കളും വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ ഏക രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിത്വത്തിലേക്കുളള വഴി തുറക്കുകയും ചെയ്തു.

ബിജെപി ബൂത്ത് തലയോഗങ്ങളിലാണ്. സിപിഎം തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ കഴിഞ്ഞ ആഴ്ച്ച തുടങ്ങി. പുതുമുഖമായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്കുളള സന്ദര്‍ശനം വിവാദമാക്കി സിപിഎം രംഗത്തു വന്നുകഴിഞ്ഞു.  ജെയ്ക് സി തോമസ്. അനില്‍കുമാര്‍, റെജി സഖറിയ, സുരേഷ് കുറുപ്പ് എന്നീ പേരുകളാണ് ആദ്യഘട്ടത്തില്‍ സിപിഎം ക്യാമ്പില്‍ പ്രചരിക്കുന്നത്. ഗണപതി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹൈന്ദവ വോട്ടുകളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ഡലം വികസനത്തില്‍ പിന്നാക്കമായിരുന്നുവെന്ന ആരോപണമാണ് ഇരുമുന്നണികളും ഉയര്‍ത്തുന്നത്.ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ലാല്‍, എന്‍.ഹരി എ.എന്‍ രാധാകൃഷ്ണന്‍, രാധാകൃഷ്ണമേനോന്‍, സോബിന്‍ലാല്‍ എന്നിവരാണ് പരിഗണനയില്‍.

1970 മുതല്‍ പുതുപ്പള്ളിക്ക് ഒരേ ഒരു പ്രതിനിധിയേ ഉണ്ടായിരുന്നുള്ളൂ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഉമ്മന്‍ചാണ്ടി 27-ാം വയസില്‍ സിറ്റിംഗ് എം.എല്‍.എ സി.പി.എമ്മിലെ ഇ.എം.ജോര്‍ജിനെതിരെയാണ് പുതുപ്പള്ളിയില്‍ കന്നി അങ്കം ജയിച്ചത്.  പുതുപ്പള്ളി കോട്ട കീഴടക്കാന്‍ സിപിഎമ്മും ഇടതുമുന്നണിയും പിന്നീട് പതിനെട്ടടവും പയറ്റി. പക്ഷേ അങ്കം ജയിക്കാന്‍ കഴിഞ്ഞില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയില്‍ ഇപ്പോഴത്തെ മന്ത്രി വി.എന്‍ വാസവന്‍ അടക്കം പലരും അടിപതറി. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭ തര്‍ക്കവും സോളാറും ഉമ്മന്‍ചാണ്ടിയുടെ പതനത്തിനു വഴിയൊരുക്കുമെന്ന് കരുതി 2016ലും പിന്നീട് 2021 ലും സിപിഎം അരയും തലയും മുറുക്കി. യാക്കോബായക്കാരനായ സിപിഎമ്മിന്റെ യുവമുഖം ജെയ്ക് സി തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെ ഉലച്ചുവെങ്കിലും വിജയയാത്രയെ ചെറുക്കാനായില്ല.

അവസാന തെരഞ്ഞടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതും, ആദ്യമായി മണര്‍കാട് പഞ്ചായത്തില്‍ ഉമ്മന്‍ചാണ്ടി പിന്നില്‍പ്പോയതുമാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം. ആ വിശ്വാസത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഭരണത്തണലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു പ്രതീക്ഷയുണ്ട്. പുതുപ്പള്ളി അസംബ്ലി മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപ്രഭാവത്തിലായിരുന്നുവെന്ന് അവര്‍ കരുതുന്നു. മണ്ഡലത്തിലെ എട്ടില്‍ ആറു പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ആ തരംഗം പുതുപ്പള്ളിയിലേക്കും പടരുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍.പുതുപ്പള്ളി,മണര്‍കാട്, പാമ്പാടി, അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മീനടം, വാകത്താനം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പുതുപ്പള്ളി മണ്ഡലം. ഇതില്‍ ആറ് പഞ്ചായത്തുകളും ഇടതുമുന്നണിയുടേതാണ്. അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് എമ്മിനും ശക്തിയുണ്ട്.

2021ലെ ഫലം

ഉമ്മന്‍ചാണ്ടി : 63,372 (48.08%)

ജെയ്ക്ക് സി. തോമസ് : 54,328 (41.22%)

ഭൂരിപക്ഷം : 9044

 

 

 

 

Latest News