റോം - ലോകകപ്പിൽ ബ്രസീലിന്റെ വല കാത്ത ആലിസൻ ബെക്കർ ലോകത്തെ ഏറ്റവും വില കൂടിയ ഗോൾകീപ്പറായി ലിവർപൂളിലേക്ക്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ എ.എസ് റോമക്കു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ആലിസൻ റെക്കോർഡ് ബുക്കിലേക്ക് ഡൈവ് ചെയ്യുന്നത്. ഗോളീരൊ ഗാറ്റൊ എന്നാണ് ബ്രസീലിൽ ആലിസന്റെ വിളിപ്പേര്. സുന്ദരനായ ഗോളി എന്നർഥം. 2009 ലെ അണ്ടർ-17 ലോകകപ്പിനിടയിൽ നടന്ന അനൗദ്യോഗിക സൗന്ദര്യ മത്സരത്തിൽ ആലിസനായിരുന്നു വിജയി. മോഡലിംഗിനുള്ള നിരവധി ഓഫറുകൾ വിനയപൂർവം ആലിസൻ തിരസ്‌കരിക്കുകയായിരുന്നു. ആലിസനെ കോച്ച് ഡുംഗ 2015 ൽ ബ്രസീൽ ടീമിലുൾപെടുത്തിയപ്പോൾ സൗന്ദര്യം കണ്ടാണോ പരിഗണിച്ചതെന്ന് വിമർശകർ ചോദിച്ചു.
എന്തായാലും ആലിസൻ വിമർശകരുടെ വായടപ്പിച്ചു. 6.7 കോടി പൗണ്ടാണ് ഇരുപത്തഞ്ചുകാരന് ലിവർപൂൾ വെച്ചുനീട്ടുന്നത്. ആലിസനു വേണ്ടി റയൽ മഡ്രീഡും രംഗത്തുണ്ടായിരുന്നു. ഗോൾകീപ്പിംഗിലെ മെസ്സി എന്നാണ് റോമയിലെ മുൻ ഗോൾകീപ്പിംഗ് കോച്ച് റോബർടൊ നെഗ്രിസോളൊ ആലിസനെ വിശേഷിപ്പിക്കുന്നത്. ഗോൾകീപ്പിംഗിനായി ജനിച്ചവനാണ് നീ എന്ന് ആദ്യം കണ്ടപ്പോഴേ ഞാൻ ആലിസനോട് പറഞ്ഞിരുന്നു. ദിനോസോഫിനെയും മിഷേൽ പ്രൂഡ്‌ഹോമിനെയും അനുസ്മരിപ്പിക്കുന്നു ആലിസൻ-നെഗ്രിസോളൊ പറഞ്ഞു. ബ്രസീലിന്റെ മുൻ ഗോളിയും ഇപ്പോൾ അവരുടെ ഗോൾകീപ്പിംഗ് കോച്ചുമായ ക്ലോഡിയൊ ടഫറേൽ ഒരുപടി കൂടി കടന്ന് ആലിസനെ വിശേഷിപ്പിക്കുന്നത് ഗോൾകീപ്പിംഗിലെ പെലെ എന്നാണ്.
ഗോൾകീപ്പർമാരുടെ കുടുംബത്തിലാണ് ആലിസൻ ജനിച്ചത്. അഞ്ചു വയസ്സിന് മൂത്ത ജ്യേഷ്ഠൻ മുരിയേൽ ബ്രസീലിലെ ഇന്റർനാഷനാലിന്റെ ഗോൾകീപ്പറായിരുന്നു. അച്ഛനും അമ്മയും മുത്തച്ഛനുമൊക്കെ ഗോൾകീപ്പർമാരായിരുന്നു.