കോട്ടയം- ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വേർപാട് പോലെ ആയിരുന്നില്ല പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വം. കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ വരെ പ്രവർത്തിച്ചു പരിചയമുള്ള ചാണ്ടി ഉമ്മന് സ്ഥാനാർത്ഥിത്വം ലഭിച്ചത് പിതാവിൽനിന്നുള്ള പാരമ്പര്യം മാത്രമായിരുന്നില്ല. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുള്ള ചാണ്ടി ഉമ്മനും പിതാവിനെ പോലെ വലിയ ജനകീയ പിന്തുണ പുതുപ്പള്ളി മണ്ഡലത്തിലുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മറ്റൊരു ചർച്ചക്കും ഇടം നൽകാതെയാണ് പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഒരു സ്ഥാനാർത്ഥിയെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രഖ്യാപിക്കുന്നതും ഇതാദ്യമായിരിക്കും. ദൽഹിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
മികച്ച അക്കാദമിക് പശ്ചാത്തലവും ഉള്ള നേതാവാണ് ചാണ്ടി ഉമ്മൻ. ദൽഹിയിലെ പ്രശസ്ത കോളേജായ സെന്റ് സ്റ്റീഫനിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ ബാംഗ്ലൂരിലെ അതി പ്രശസ്തമായ ക്രൈസ്റ്റ് കോളേജിൽ നിന്ന് കോൺസ്റ്റിട്യൂഷനൽ ലോ യിൽ ബിരുദവും നേടി. ദൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽനിന്ന് എൽ.എൽ.എം,
ജെ.എൻ.യുവിൽ നിന്ന് ചരിത്രത്തിൽ ബിരുദം എന്നീ യോഗ്യതകളും നേടി. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിൽ ഭൂരിഭാഗം സമയത്തും ചാണ്ടി ഉമ്മൻ കൂടെയുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി അസുഖബാധിതനായി കിടക്കുമ്പോഴും ചാണ്ടി ഉമ്മൻ രാഹുലിനൊപ്പം യാത്രിയിലുണ്ടായിരുന്നു.
അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസായിരിക്കും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി എന്നാണ് വിവരം. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരം വോട്ടായി പിടിച്ചുനിർത്താൻ ജെയ്ക് സി തോമസിന് സാധിച്ചിരുന്നു. ഇതിന് പുറമെ, മണ്ഡലത്തിലെ ഒരു പഞ്ചായത്തിലൊഴികെ സി.പി.എമ്മാണ് ഭരണം നടത്തുന്നത്. ഈ അനുകൂല സഹചര്യവും തുണയാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. അടുത്ത വെള്ളിയാഴ്ച സി.പി.എം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.