ന്യൂദല്‍ഹി- പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ആണ് പ്രഖ്യാപനം നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ പ്രഖ്യാപനമുണ്ടായി.
ഒരു പേര് മാത്രമേ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നുള്ളുവെന്ന് കെ. സുധാകരന്‍ പറഞ്ഞു. അത് ഹൈക്കമാന്റിനെ അറിയിച്ചു. അപ്പോള്‍ തന്നെ പ്രഖ്യാപിച്ചു. ചാണ്ടി ഉമ്മന്‍ സഹതാപ സ്ഥാനാര്‍ഥിയല്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ഒരു നേതാവിനോടുള്ള സ്‌നേഹമാണ് നാം കണ്ടത്. അത് സഹതാപമല്ല.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയാണ് ചാണ്ടി ഉമ്മന്‍. ജോഡോ യാത്രയിലുടനീളം പങ്കെടുത്ത നേതാവാണ്. മറ്റൊരു പേര് പുതുപ്പള്ളിയില്‍ മുന്നോട്ടുവെക്കാനില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ 2021 ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കോഴിക്കോട്ട് പറഞ്ഞു. ആശയപരമായും രാഷ്ട്രീയമായും തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് സൂചന കിട്ടിയിരുന്നു. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉജ്ജ്വലമായ വിജയം നേടും. ഉമ്മന്‍ചാണ്ടി സര്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും വി.ഡി. സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ ജനങ്ങളിലുണ്ട്. സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യാനും തുറന്നുകാട്ടാനുമുള്ള അവസരമാക്കി തിരഞ്ഞെടുപ്പിനെ മാറ്റും. ആശയപരമായും രാഷ്ട്രീയമായും തിരഞ്ഞെടുപ്പിനെ നേരിടും. തൃക്കാക്കരയിലേത് പോലെ യു.ഡി.എഫിലെ മുഴുവന്‍ നേതാക്കളും ഒരു ടീമായി പ്രവര്‍ത്തിച്ച് വിജയം നേടും. അദ്ദേഹം വ്യക്തമാക്കി.