കോട്ടയം- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് അനാവശ്യ ആരോപണങ്ങൾ ചാർത്തി വേട്ടയാടിയവർ വീണ്ടും ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സി.പി.എം നേതാവ് അനിൽകുമാറിനുള്ള മറുപടിയായാണ് സജി മഞ്ഞക്കടമ്പിൽ ഇക്കാര്യം പറഞ്ഞത്. ഉമ്മൻചാണ്ടിയെ സ്ത്രീ പീഡന കേസിൽ പോലും ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ പേര് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സി.പി.എമ്മും, ഉമ്മൻ ചാണ്ടി ചെയ്തതിനെക്കാൾ മഹത്തരമായ കാര്യങ്ങൾ ചെയ്തുവെന്ന് പറയുന്ന സി.പി.എം നേതാവ് അനിൽകുമാറും വിവരദോഷമാണ് പറയുന്നത്. കെ. ടി ജയകൃഷ്ണൻ മാസ്റ്ററെ സ്‌കൂളിൽ കയറി പിഞ്ചുകുട്ടികളുടെ കൺമുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതും ടി.പി ചന്ദ്രശേഖരനെന്ന നേതാവിനെ 51 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയതുമാണോ സി.പി.എം ചെയ്ത മഹത്തരമായ കാര്യം.
ഉമ്മൻചാണ്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരുന്ന ജനപ്രവാഹം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള പി.ആർ വർക്കാണ് എന്ന് പറയുന്ന തരംതാഴ്ന്ന പ്രചരണം അനിൽകുമാർ അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു. ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെക്കാൾ പതിന്മടങ്ങ് ശക്തനാണ് മരിച്ച ഉമ്മൻചാണ്ടിയെന്ന സി.പി.എമ്മിന്റെ തിരിച്ചറിവാണ് ഇത്തരം തരംതാഴ്ന്ന പ്രചാരവേലയ്ക്ക് പിന്നിലെന്നും സജി ആരോപിച്ചു.
അതേസമയം, പുതുപ്പള്ളിയെ അയോധ്യയാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി രംഗത്ത് വന്നത് സി.പി.എം സംസ്ഥാന സമിതി അംഗവും പാർട്ടിയുടെ ചാനൽ വക്താവുമായ അഡ്വ.കെ അനിൽകുമാറാണ്. കൊലയാളികൾക്ക് ഒപ്പം നിന്ന ഉമ്മൻചാണ്ടി വിശുദ്ധനാവില്ലെന്നും എന്നുമുതലാണ് ഉമ്മൻചാണ്ടി വിശുദ്ധനായതെന്നും അനിൽകുമാർ ചോദിക്കുന്നു. ഉമ്മൻചാണ്ടിയെ മരണത്തിനുശേഷവും വേട്ടയാടുകയാണെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വവും കുറ്റപ്പെടുത്തി. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി ആകാനുള്ള വേവലാതിയാണ് അനിൽകുമാർ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും, പുതുപ്പള്ളിൽ സി.പി.എമ്മിന്റെ പരിപ്പ് വേവില്ലെന്നും സജി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കഴിഞ്ഞദിവസം ഉമ്മൻചാണ്ടിയുടെ വിശുദ്ധപദവിയെക്കുറിച്ച് കൊച്ചിയിൽ കർദിനാൽ ഉൾപ്പടെയുളളവർ പങ്കെടുത്ത ചടങ്ങിൽ നടത്തിയ പ്രസ്താവനയാണ് അഡ്വ. അനിൽകുമാർ ചർച്ചയാക്കിയിരിക്കുന്നത്. പുതുപ്പള്ളിയിൽ അയോധ്യ ആവർത്തിക്കുന്നോ. ഉമ്മൻചാണ്ടിയെ മിത്താക്കരുത്. എന്ന ആമുഖത്തോടെ പ്രതിപക്ഷ നേതാവിന് തുറന്ന കത്താണ് അനിൽകുമാർ എഴുതിയത്. ഇത് ഫെയ്‌സ്ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.തെരഞ്ഞെടുപ്പു രാഷ്ടീയത്തിൽ മത ബിംബങ്ങളെ സൗകര്യപൂർവ്വം ഉപയോഗിക്കുന്ന ഫൈസാബാദ് തെരഞ്ഞെടുപ്പിനെ അനുകരിക്കാൻ കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കാൻ നീക്കം നടത്തുകയാണ്.
2023 ജൂലൈ 18 വരെ ഉമ്മൻ ചാണ്ടി പുണ്യവാനല്ലായിരുന്നു. മിത്തും ആയിരുന്നില്ല. യഥാർത്ഥത്തിൽ നാം കണ്ടതും അനുഭവിച്ചതുമായ യാഥാർത്ഥ്യമാണ് ഉമ്മൻ ചാണ്ടി.കമ്മ്യൂണിസ്റ്റുകാർ രാഷട്രീയമായി പൊരുതിയപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ കാർക്കശ്യവും ക്രൗര്യവും കണ്ടറിഞ്ഞനുഭവിച്ചിട്ടുണ്ട്. അതൊക്കെ ' മിത്താ ' യിരുന്നില്ല. യഥാർഥ്യത്തിലുള്ള ജീവിതാനുഭവങ്ങങ്ങളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്താണ് ഉമ്മൻ ചാണ്ടിയുടെ കീഴിലെ കോൺഗ്രസ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്.
കൊലയാളികൾക്കൊപ്പം നിന്ന ഒരാൾ എങ്ങനെ ഭൂമിയിലും സ്വർഗത്തിലും അല്ലെങ്കിൽ നരകത്തിലും വിശുദ്ധനാകും. ഗ്രൂപ്പുവഴക്കിൽ ഇതേ പുതുപ്പള്ളിയിൽ ഒരു കോൺഗ്രസ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാർ കൊന്നില്ലേ.പയ്യപ്പാടിയിൽ.
കോൺഗ്രസ്സിനായി കൊല്ലപ്പെട്ട ഒരു കോൺഗ്രസ്സുകാരനു് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകർത്താവിന് എങ്ങനെ ലഭിക്കാനാണ്. എറണാകുളം ഡി സി സി യുടെഅനുശോചന യോഗത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവായ താങ്കൾ തന്നെയാണ് വിശുദ്ധപദവിയുടെ ചർച്ചക്കു് തുടക്കമിട്ടത്.എന്നു മുതലാണ് താങ്കൾക്ക് ഉമ്മൻ ചാണ്ടി വിശുദ്ധനായത്.
എല്ലാ ഞായറാഴ്ചയും ഒരു എം.എൽ.എ പുതുപ്പള്ളിയിലെ തറവാട്ടുവീട്ടിലും പള്ളിയിലും എത്തിയിരുന്നത് വാർത്തയാകുന്നതിന് കാരണം ആ ജനപ്രതിനിധിയുടെ സേവനം ആഴ്ചയിൽ ആറു ദിവസവും മണ്ഡലത്തിൽ ലഭ്യമല്ലാതിരുന്നതിനാലണ്. അച്ഛന്റെ അത്ര പോലും മകനു നാടുമായി ബന്ധമില്ല. നിങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചസ്ഥിതിക്ക് നമുക്ക് തുടങ്ങാമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.