ലണ്ടൻ - ഇല്ല, മഹേന്ദ്ര ധോണി വിരമിക്കുന്നില്ല. സൗരവ് ഗാംഗുലിയും സുനിൽ ഗവാസ്‌കറും ഗൗതം ഗംഭീറുമടങ്ങുന്ന വിമർശകരുടെ മോഹങ്ങൾ വെറുതെയായി.
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റ ശേഷം അമ്പയർമാരായ ബ്രൂസ് ഓക്‌സൻഫഡ്, മൈക്കിൾ ഗഫ് എന്നിവരിൽ നിന്ന് ധോണി പന്ത് ചോദിച്ചു വാങ്ങിയതാണ് വിരമിക്കുമെന്ന ഊഹാപോഹം പ്രചരിക്കാൻ കാരണമായത്. രണ്ടു വർഷം മുമ്പ് അപ്രതീക്ഷിതമായി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഘട്ടത്തിൽ സമനിലയിലായ മത്സരത്തിനു ശേഷം സ്റ്റമ്പെടുത്താണ് ധോണി കളം വിട്ടതെന്ന് പലരും ഓർമിച്ചു.
എന്നാൽ ഊഹാപോഹങ്ങൾ ഇന്ത്യൻ കോച്ച് രവിശാസ്ത്രി തള്ളി. ധോണി ആ പന്ത് സ്വന്തമാക്കിയത് ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുണിനെ കാണിക്കാനാണെന്ന് ശാസ്ത്രി വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ മത്സരത്തിനു ശേഷം ഒരു പന്തിന് സംഭവിക്കുന്ന തേയ്മാനം കോച്ചിന് കാണിച്ചു കൊടുക്കാനും അതിൽ നിന്ന് ബൗളർമാർ പാഠമുൾക്കൊള്ളാനുമായിരുന്നു ആ ദൗത്യം. ധോണി അങ്ങനെയങ്ങ് പോവില്ലെന്ന് ശാസ്ത്രി പ്രഖ്യാപിച്ചു.
പരമ്പരയിൽ ധോണിയുടെ ബാറ്റിംഗ് വൻ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ ടീമിന് ധോണിയിൽ പൂർണ വിശ്വാസമുണ്ടെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പിന്തുണ പ്രഖ്യാപിച്ചു.