കണ്ണൂർ- 'ചുദാൻ സുഗി...മിഡിൽ ലെവൽ പഞ്ച്, ജോദൻ സുഗി...ഫേസ് ലെവൽ പഞ്ച്...'എല്ലാ ഞായറാഴ്ചകളിലും മട്ടന്നൂർ നഗരസഭ സി.ഡി.എസ് ഹാളിൽ നിന്നും ഇത് കേൾക്കാം. കരാട്ടെയുടെ കരുത്തിൽ സ്വയം പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ് 21 വനിതകൾ ഇവിടെ. കുടുംബശ്രീയുടെ ധീരം പദ്ധതിയിലൂടെ. കുടുംബശ്രീ മിഷനും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും സഹകരിച്ചാണ് സംസ്ഥാനത്തുടനീളം ധീരം പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകൾക്ക് സ്വയരക്ഷക്കും പ്രതിരോധത്തിനും ആത്മവിശ്വാസം നൽകുന്നതിനൊപ്പം ഒരു വരുമാന മാർഗ്ഗം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരാട്ടെ പരിശീലനം. 'ധീരം, കരുത്തോടെ മുന്നോട്ട്' എന്നതാണ് സന്ദേശം.
ജില്ലയിൽ മട്ടന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ രണ്ട് സെന്ററുകളിൽ നിന്നായി 35 വനിതകളാണ് ധീരം പദ്ധതിയിൽ കരാട്ടെ പരിശീലനം നേടുന്നത്. ഒരു വർഷമാണ് പരിശീലനം. കുടുംബശ്രീ, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. 18 മുതൽ 45 വരെ പ്രായമുള്ളവരെയാണ് പരിഗണിച്ചത്. പരിശീലനം പൂർത്തിയാക്കുന്നവരെ ഉൾപ്പെടുത്തി സംരംഭ മാതൃകയിൽ കരാട്ടെ പരിശീലന ഗ്രൂപ്പുകൾ ആരംഭിക്കുകയും സ്‌കൂൾ, കോളേജ്, ബാലസഭ, കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ് എന്നിവിടങ്ങളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കരാട്ടെ പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
മട്ടന്നൂർ നഗരസഭ സി ഡി എസ് ഹാളിൽ 21 പേരും തളിപ്പറമ്പ് പാലക്കുളങ്ങര അങ്കണവാടിയിലെ കേന്ദ്രത്തിൽ 14 പേരുമാണ് പരിശീലനം നേടുന്നത്. മട്ടന്നൂരിൽ എല്ലാ ഞായറാഴ്ചയും രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണിവരെയും തളിപ്പറമ്പിൽ എല്ലാം ശനിയാഴ്ചയും ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയുമാണ് ക്ലാസ്സ്. പി കെ പ്രഗിന, അൽന എം അജയൻ എന്നിവരാണ് മാസ്റ്റർ ട്രെയിനർമാർ. സ്‌പോർട്‌സ് കേരള ഫൗണ്ടേഷന്റെ കീഴിൽ ഇവർക്ക് 28 ദിവസത്തെ പ്രത്യേക പരിശീലനം കൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഒരു ക്ലാസ്സിന് 2000 രൂപ ഓണറേറിയം കുടുംബശ്രീ ലഭ്യമാക്കുന്നുണ്ട്. പരിശീലനം നേടുന്നവർക്ക് യാത്രാബത്തയും നൽകുന്നു. യൂണിഫോമും ലഭ്യമാക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്ത് മൂന്നാം വാരം മട്ടന്നൂരിൽ നടക്കും.