കണ്ണൂർ-ഗൾഫിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന രണ്ടര കോടിയിലേറെ രൂപ വരുന്ന സ്വർണ്ണം സഹിതം മൂന്ന് പേർ എയർപോർട്ട് പോലീസ് പിടിയിൽ. ചിറ്റാരിപ്പറമ്പ് സ്വദേശി നൗഫൽ, കാസർക്കോട് സ്വദേശികളായ ഉദുമയിലെ നിസാമുദ്ദീൻ, അബ്ദുൾ റഹ്‌മാൻ (29) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക സ്‌ക്വാഡ് ആണ് സ്വർണം പിടികൂടിയത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങിയവരാണ് ഇവർ മൂന്നു പേരും. അബ്ദുൽ റഹ്‌മാനെ കഴിഞ്ഞ രാത്രിയും, നൗഫൽ, നിസാമുദ്ദീൻ എന്നിവരെ ഇന്നലെ രാവിലെയുമാണ് പിടികൂടിയത്. സംശയം തോന്നി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.
നൗഫലിൽ നിന്ന് 156 ഗ്രാം സ്വർണ്ണവും, നിസാമുദീനിൽ നിന്ന് 1100 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവർ ശരീരത്തിലും എമർജൻസി ലാമ്പിലും ഷൂസിന് ഒപ്പം ധരിച്ച് സോക്‌സിലും ഒളിപ്പിച്ചു വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതാ. മൊത്തം 3392 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് ലഭിച്ചത്. ഏകദേശം 2,03,45,216 രൂപ മൂല്യമുണ്ട്.
ഷാർജയിൽ നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉദുമ സ്വദേശി അബ്ദുൾ റഹ്‌മാനാനിൽ (29) നിന്നും 1130.8 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ ഏകദേശം 67,82,000 രൂപ മൂല്യമുണ്ട്. എയർപോർട്ടിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് എയർപോർട്ട് പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ ഷൂസിനൊപ്പം ധരിച്ച സോക്‌സുകളുടെ അടിയിയിൽ ഒളിപ്പിച്ച് വെച്ച നിലയിലായിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണ മിശ്രിതം പിന്നീട് വേർതിരിച്ചു. എയർപോർട്ട് പോലീസ് സ്വർണക്കടത്ത് തടയാൻ ക്ലിയറൻസ് കഴിഞ്ഞു പുറത്തിറങ്ങുന്ന യാത്രക്കാരെ ശക്തമായി പരിശോധിച്ചു വരികയാണ്. ഇതുവരെ മൂന്ന് കോടിയുടെ സ്വർണകടത്താണ് പോലിസ് പിടികൂടിയത്.