ലീഡ്‌സ് - ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ബെൻ സ്റ്റോക്‌സിനെ കളിപ്പിക്കുമെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി.
ടെസ്റ്റ് അവസാനിക്കുന്നതിന്റെ പിറ്റേ ദിവസമാണ് അടിപിടിക്കേസിൽ സ്റ്റോക്‌സിന് കോടതിയിൽ ഹാജരാവേണ്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ബാറിനു പുറത്തുണ്ടായ കശപിശയെത്തുടർന്ന് ജനുവരിയിലാണ് സ്റ്റോക്‌സിനെതിരെ കുറ്റം ചുമത്തിയത്. ഓഗസ്റ്റ് ആറിന് വിചാരണ ആരംഭിക്കും. ബേമിംഗ്ഹാമിലെ ആദ്യ ടെസ്റ്റ് മുഴുസമയം നീണ്ടുനിന്നാൽ അഞ്ചിനാണ് അവസാനിക്കുക.
വിചാരണ ഏഴു ദിവസം വരെ നീണ്ടുനിന്നേക്കാം. എങ്കിൽ ലോഡ്‌സിൽ ഓഗസ്റ്റ് ഒമ്പതിനാരംഭിക്കുന്ന രണ്ടാം ടെസ്റ്റ് സ്റ്റോക്‌സിന് നഷ്ടപ്പെട്ടേക്കും. ഈ സാഹചര്യത്തിൽ ഓൾറൗണ്ടറെ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതായിരുന്നു ഉത്തമമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഏറ്റവും മികച്ച നിരയെ വേണമെന്ന നിലപാടിലാണ് ക്യാപ്റ്റൻ ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ മികച്ച മധ്യനിര ബാറ്റ്‌സ്മാനും പെയ്‌സ് ബൗളറും ഒന്നാന്തരം ഫീൽഡറുമാണ് സ്റ്റോക്‌സ്.
കോടതി വിചാരണയുടെ ഭീഷണി തലക്കു മുകളിലുണ്ടെങ്കിലും അതൊന്നും സ്റ്റോക്‌സിനെ ബാധിക്കില്ലെന്ന് റൂട്ട് പറഞ്ഞു.
'ആദ്യ ടെസ്റ്റിന് ഏറ്റവും മികച്ച ടീമിനെ ഇംഗ്ലണ്ട് അണിനിരത്തും. ബെന്നിന് കളിക്കാനുള്ള കായികക്ഷമതയുണ്ടെങ്കിൽ ടീമിലുണ്ടാവും. കളിക്കുന്നതും ടീമിനൊപ്പമുണ്ടാവുന്നതുമാണ് ബെന്നിന് ഇഷ്ടം. ക്രിക്കറ്റ് ഫീൽഡിലായിരിക്കുമ്പോൾ പൂർണ മനസ്സോടെ ബെന്നിനെ അവിടെ കാണാം. ഗ്രൗണ്ടിലെ എല്ലാ സംഭവങ്ങളിലും ഇടപെടുന്ന പ്രകൃതക്കാരനാണ്.
എപ്പോഴും പന്തിനായി ആഗ്രഹിക്കുന്ന കളിക്കാരനാണ്. ആദ്യ ടെസ്റ്റിലും ഇതിലൊന്നും മാറ്റമുണ്ടാവില്ല' -റൂട്ട് പറഞ്ഞു.
അവസാന ഏകദിനത്തിൽ സ്റ്റോക്‌സ് മുടന്തിയെങ്കിലും പരിക്കൊന്നുമില്ലെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. ടെസ്റ്റിന് മുമ്പ് ഡറം കൗണ്ടിയുടെ രണ്ട് കളികളിൽ സ്റ്റോക്‌സ് ഇറങ്ങും. പാക്കിസ്ഥാനെതിരായ അവസാന ടെസ്റ്റ് പരിക്കു കാരണം സ്റ്റോക്‌സിന് നഷ്ടപ്പെട്ടിരുന്നു.