റിയാദ് - റിയാദിലെ ഹോട്ടലിൽ രഹസ്യ ക്യാമറയില്ലെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് റിയാദ് ശാഖ അറിയിച്ചു. തലസ്ഥാന നഗരിയിലെ ഒരു ഹോട്ടലിൽ രഹസ്യ ക്യാമറയുണ്ടെന്ന് വാദിച്ച് താമസക്കാരിൽ ഒരാൾ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തു വിട്ടിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ട് ഹോട്ടലിൽ രഹസ്യ ക്യാമറ സ്ഥാപിച്ചതായി താമസക്കാരൻ വാദിച്ച സ്യൂട്ട് നേരിട്ട് സന്ദർശിച്ച് നടത്തിയ പരിശോധനയിലും അന്വേഷണത്തിലും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യം ശരിയല്ലെന്ന് വ്യക്തമായി. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചതായും കമ്മീഷൻ പറഞ്ഞു.
മരം ഉപയോഗിച്ച് നിർമിച്ച സ്റ്റാന്റിൽ സ്ഥാപിച്ച എയർ ഫ്രഷ്‌നർ ഉപകരണത്തിനകത്ത് ക്യാമറയുണ്ടെന്ന് വാദിച്ചാണ് താമസക്കാരൻ വീഡിയോ പുറത്തുവിട്ടത്. ഇത് തെറ്റിദ്ധാരണയായിരുന്നെന്ന് വ്യക്തമായതോടെ ഹോട്ടൽ ഉടമയോട് താമസക്കാരൻ ക്ഷമാപണം നടത്തി. ഇത്തരം കാര്യങ്ങളിലെ അജ്ഞതയാണ് വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് പുറത്തുവിടുന്നതിന് കാരണമെന്ന് ഇയാൾ ന്യായീകരിക്കുകയും ചെയ്തു.