തിരുവനന്തപുരം - കേരളത്തില്‍ പുതിയ മദ്യശാലകള്‍ അനുവദിച്ചാല്‍ സംസ്ഥാനം 'മദ്യകേരള'മായി മാറുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ സമ്പൂര്‍ണ നാശത്തിലേക്കാണ് നയിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം സുധീരന്‍ മദ്യനയത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയുണ്ടെന്നും സര്‍ക്കാര്‍ മദ്യനയം ഭേദഗതി ചെയ്യണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ മദ്യ വ്യാപന നയം കൂടി കണക്കിലെടുത്താല്‍ കേരളം സര്‍വ്വനാശത്തിലേക്കാണ് നീങ്ങുന്നത്. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സംസ്ഥാനത്ത് 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് ആയിരത്തോളമായി മാറിയെന്നും സുധീരന്‍ ആരോപിച്ചു.