മലപ്പുറം - താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കി. പോലീസ് ഇടപെടലില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ താമിറിനെ മര്‍ദനമേറ്റതായി കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നത്. മരണ വിവരം തന്നെ മണിക്കൂറുകള്‍ വൈകിയാണ് കുടുംബത്തെ അറിയിച്ചത്. താമിറിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു.
മരണവുമായി ബന്ധപ്പെട്ട് പോലീസിന് കൃത്യമായി മറുപടി പറയാന്‍ കഴിയുന്നില്ലെന്നും ഇത് സംശയം ബലപ്പെടുത്തുന്നതാണെന്നും സഹോദരരന്‍ ഹാരിസ് ജിഫ്രി ആരോപിക്കുന്നു. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 13 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇത് പോലീസ് മര്‍ദനമാണെന്ന സംശയം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ താനൂര്‍ എസ് ഐ ഉള്‍പ്പടെ എട്ട് പോലീസുകാരെ സസ്പെന്റ് ചെയ്തു. താമിറിനെ കസ്റ്റഡിയിലെടുത്തിട്ടും കുടുംബത്തെ അറിയിക്കാന്‍ വൈകിയെന്നും കുടുംബം പറയുന്നു. പൊലീസ് സര്‍ജനെ മലപ്പുറം എസ് പി മഞ്ചേരിയിലെത്തി സന്ദര്‍ശിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തപ്പെടുമോ എന്ന ഭീതിയുണ്ടെന്നും കുടുംബത്തിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.