പത്തനംതിട്ട - പരുമലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവിന്റെ കാമുകിയായിരുന്ന സ്ത്രീ സിറിഞ്ച് ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുളിക്കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കായംകുളം കരിയിലക്കുളങ്ങര സ്വദേശിനി സ്‌നേഹയെ(24)യാണ് ഭര്‍ത്താവിന്റെ കാമുകിയായിരുന്ന കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊല്ലാന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്നേഹയെ സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിലേക്ക് വായു കടത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റിമാന്റില്‍ കഴിയുന്ന പ്രതി അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അരുണിനെ പുളിക്കീഴ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. അരുണിനെ കേസില്‍ പ്രതിയാക്കത്തക്ക തെളിവുകള്‍ ഇതുവരെ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അരുണിന്റെയും അനുഷയുടേയും ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കുമ്പോള്‍ കേസ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.