കോഴിക്കോട് - ഗവ. കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ വനിതാ ഹോസ്റ്റൽ അടച്ചുപൂട്ടിയതോടെ മുപ്പതോളം വരുന്ന അന്തേവാസികൾ ദുരിതത്തിൽ. ജൂലൈ അവസാന വാരത്തിലാണ് ബദൽ സംവിധാനങ്ങളൊന്നും ഒരുക്കാതെ ഹോസ്റ്റൽ വിദ്യാർത്ഥിനികളോട് ഒറ്റദിവസം കൊണ്ട് ഒഴിയാൻ കോളേജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്. എന്നാൽ വിദ്യാർത്ഥിനികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ബന്ധപ്പെട്ടതോടെ താത്കാലിക സംവിധാനം ഒരുക്കാൻ നിർദ്ദേശം നൽകി. കോഴിക്കോട് തന്നെയുള്ള ഫിസിക്കൽ എജുക്കേഷൻ കോളേജിന്റെ ഹോസ്റ്റലിൽ സംവിധാനം ഒരുക്കിയെങ്കിലും വീണ്ടും അവിടെ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹോസ്റ്റലിലെ അറ്റകുറ്റ പണികൾ സമയബന്ധിതമായി തീർക്കാൻ കോളേജ് അധികാരികൾ കാണിച്ച അനാസ്ഥയാണ് ഇപ്പോൾ വിദ്യാർത്ഥിനികളുടെ ദുരിതത്തിന് കാരണമായിരിക്കുന്നത്. ബദൽ സംവിധാനം ഒരുക്കുന്നതിൽ കോളേജ് അധികാരികൾ തണുപ്പൻ നയമാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ കോളേജിൽ പ്രവേശനം നേടുമ്പോൾ കോഴ്‌സ് കാലാവധി തീരുന്നത് വരെ ഹോസ്റ്റൽ സംവിധാനം ഉണ്ടാകുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ, കോളെജ് ഇപ്പോൾ കൈമലർത്തുകയാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. ഹോസ്റ്റൽ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥിനികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി