ആലപ്പുഴ- മാവേലിക്കര കണ്ടിയൂരില്‍ കാര്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് വെന്തു മരിച്ച സംഭവത്തില്‍ കാറിന് സാങ്കേതിക തകരാറുകള്‍ ഇല്ലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. അതേസമയം, കത്തിയതില്‍ ദുരൂഹത. കാര്‍ കത്താനുണ്ടായ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ അന്വേഷണം നടന്നു വരികയാണ്. കാറിന് സാങ്കേതിക തകരാറുകള്‍ ഇല്ലായെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കാറിനുള്ളില്‍ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഫ്യൂസ് തകരാറിലായേനേ. എന്നാല്‍ ഫ്യൂസുകള്‍ക്കൊന്നും ഒരു പ്രശ്‌നവും സംഭവിച്ചിട്ടില്ല. ബാറ്ററിക്കും തകരാര്‍ ഇല്ല. കൂടാതെ വാഹനത്തിന്റെ എഞ്ചിന്‍ റൂമില്‍ നിന്നല്ല തീയുണ്ടായിരിക്കുന്നത്. ഈ ഭാഗങ്ങള്‍ ഒന്നും തന്നെ കത്തി നശിച്ചിട്ടുമില്ല. വാഹനത്തിനകത്തു നിന്നാണ് തീയുയര്‍ന്നത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. പോലീസ് നടത്തിയ ഇന്‍ക്വസ്റ്റിനിടയിലും സയന്റിഫിക് ഓഫീസറുടെ പരിശോധനയിലും കാറില്‍ നിന്ന് സിഗരറ്റ് ലൈറ്ററും, ഇന്‍ഹേലറും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കാറിന്റെ ഉള്‍ഭാഗത്ത് നിന്ന് പെട്രോളിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നതായും പറയുന്നു. ശാസ്ത്രീയ പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാലേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറയുന്നു.