Sorry, you need to enable JavaScript to visit this website.

ഓണക്കാലത്ത് പ്രകൃതിദത്ത നിറങ്ങളുമായി ഖാദി വസ്ത്രങ്ങൾ വിപണിയിലെത്തുന്നു

കണ്ണൂർ- പ്രകൃതിദത്ത നിറങ്ങളുമായി 'നാച്വറൽ സ്‌കിൻ കെയർ' ഖാദി വസ്ത്രങ്ങൾ പയ്യന്നൂർ ഖാദി കേന്ദ്രം ഓണക്കാലത്ത് വിപണിയിലെത്തിക്കുമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. ഇതിന്റെ വിൽപന ഉദ്ഘാടനം കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ അദ്ദേഹം നിർവഹിച്ചു. 
ഖാദി തുണിത്തരങ്ങളിൽ ആദ്യമായി ആയുർവേദ സസ്യങ്ങൾ, പഴങ്ങൾ, മറ്റ് പ്രകൃതി ദത്ത സ്രോതസ്സുകൾ എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ചായം ഉപയോഗിച്ചു കൊണ്ട് തീർത്തും പരിസ്ഥിതി സൗഹൃദമായ ഖാദി ഉത്പന്നങ്ങളാണ് നിർമിച്ചത്. 'നാച്വറൽ സ്‌കിൻ കെയർ' ഖാദിയിൽ സ്ത്രീകൾക്കു പുരുഷൻമാർക്കും കുട്ടികൾക്കുമുള്ള കുർത്തകളാണ് വിപണിയിലിറക്കിയത്. അനാർ പഴം, മൾബെറി ഇല, മഞ്ചിഷ്ട, പതിമുഖം, മൈലാഞ്ചി, ഇൻഡിഗോ പുഷ്പം എന്നിവ ഉപയോഗിച്ചാണ് വസ്ത്രങ്ങൾക്ക് നിറം നൽകിയത്.
പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമായ രാസവസ്തുക്കളുടെ ഉപയോഗം ഉൾപ്പെടാത്തതിനാൻ ഈ ഉത്പന്നങ്ങൾ തീർത്തും പരിസ്ഥിതി സൗഹൃദമാണ്. പ്രകൃതിദത്ത ചായങ്ങൾ വിഷരഹിതമാണ്. അലർജി പ്രതി പ്രവർത്തനങ്ങളോ, ചർമ പ്രകോപനങ്ങളോ ഉണ്ടാക്കുന്നില്ല. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമമുള്ള വ്യക്തികൾക്ക് ഇത്തരം ഖാദി തുണിത്തരങ്ങൾ ധരിക്കുന്നത് ചർമത്തിന് സുരക്ഷിതത്വം നൽകുന്നു.
കുടുംബത്തിൽ എല്ലാവർക്കും 'ഖാദി ഓണക്കോടി' എന്ന സന്ദേശം ഉൾക്കൊണ്ട് ഏച്ചൂരിലെ പി. ചന്ദ്രനും ഭാര്യ കൗസല്യയും മകൾ സനിഷ സമ്മാനിച്ച ഓണക്കോടി അവർ പി. ജയരാജനിൽനിന്ന് ഏറ്റുവാങ്ങി. വൈവിധ്യമാർന്ന ഖാദി ഉൽപന്നങ്ങൾ സംസ്ഥാനത്തിന്റെ ഏതുഭാഗത്തും എത്തിച്ചു കൊറിയർ വഴി എത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി. രാജേഷ്, ജില്ലാ ഖാദി ഗ്രാമവ്യവസായ ബോർഡ് പ്രൊജക്ട് ഓഫീസർ കെ. ജിഷ, എസ്. ഷിഹാബുദ്ദീൻ, ടി. സിനോജ്, കെ.വി. ഫാറൂഖ് എന്നിവരും പങ്കെടുത്തു.
 

Latest News