Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യാത്രാനിരക്കിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുത് - ഹൈക്കോടതി

കൊച്ചി -  കൺസഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാട്ടരുതെന്ന് കേരള ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.  ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നിലയെ ബാധിക്കുന്നുണ്ടെന്നും യാത്രാ നിരക്കിലെ ഇളവിന്റെ പേരിൽ വിദ്യാർത്ഥികളോട് വിവേചനം കാണിക്കാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
 ബസ് കൺസഷൻ നിരക്ക് പരിഷ്‌കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. പരിഷ്‌കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരും വിദ്യാർത്ഥി സംഘനകളും ചേർന്ന് പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 
 സംസ്ഥാനത്തെ വിവിധ റൂട്ടുകളിൽ വിദ്യാർത്ഥികളെ വളരെയേറെ അവഗണിക്കുന്ന ധാരാളം ബസ് ജീവനക്കാർ ഇപ്പോഴുമുണ്ട്. ഇതിന്റെ നൂറുകൂട്ടം പ്രശ്‌നങ്ങളുമായാണ് വിദ്യാർത്ഥികൾ മിക്ക ദിവസങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തുന്നത്.
 വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട യാത്രാ ഇളവിന്റെ മറപിടിച്ചാണ് ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് രണ്ടാംതരം സമീപനം സ്വീകരിക്കുന്നത്. ബസ് സ്റ്റോപ്പിൽ നിർത്തി യഥാസമയം ബസ്സിൽ കയറ്റാതിരിക്കുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, ബസ് പോകുന്നതിന് മുമ്പേ സ്റ്റാന്റിൽനിന്ന് കയറുന്നത് വിലക്കുക, ബസ് പോകുമ്പോൾ അവസാനനിമിഷം ചാടിക്കയറുക തുടങ്ങി വളരെ തെറ്റായ സമീപനമാണ് പല ബസ് ജീവനക്കാരും അടിച്ചേൽപ്പിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
  ഇങ്ങനെ വിദ്യാർത്ഥികളുടെ മനുഷ്യാവകാശങ്ങളടക്കം ലംഘിച്ചാണ് പലപ്പോഴും സർവീസുകൾ നടക്കുന്നത്. വിദ്യാർത്ഥികളെ കയറ്റുന്നത് തങ്ങളുടെ ഔദാര്യമെന്ന നിലയിലാണ് ചില ബസ്സുകളുടെയെങ്കിലും സമീപനം. ഇതേ തുടർന്ന് പലപ്പോഴും വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ബസ് ജീവനക്കാരോട് രൂക്ഷമായി പ്രതികരിക്കേണ്ടി വരാറുണ്ട്. ഇത് പരസ്പര വാക്കേറ്റങ്ങൾക്കും പ്രശ്‌നങ്ങൾക്കും ഇടയാക്കാറുമുണ്ട്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ബസ് ജീവനക്കാർ വീണ്ടും തങ്ങളുടെ പഴയ സമീപനം ആവർത്തിക്കുകയും ഇത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർധിപ്പിക്കാറുമുണ്ട്. എന്നാൽ, വിദ്യാർത്ഥികളെ മാന്യമായി പരിഗണിച്ച് അവരുടെ അവകാശങ്ങൾ ഹനിക്കാതെ, പരസ്പര ബഹുമാനത്തോടെയും മികച്ച ധാരണയോടെയും സർവീസ് നടത്തുന്ന ബസ്സുകളുമുണ്ട്. എന്നാൽ, പൊതുവിലും വിദ്യാർത്ഥികളെ വളരെയധികം ബുദ്ധിമുട്ടിക്കുകയും അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന തെറ്റായ സമീപനമാണ് പല ബസ് ജീവനക്കാരും ഇപ്പോഴും വെച്ച് പുലർത്തുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Latest News