Sorry, you need to enable JavaScript to visit this website.

ദുബായില്‍ ഓണ്‍ലൈന്‍ വാടക വീട് തട്ടിപ്പ്; സൂക്ഷിച്ചാല്‍ രക്ഷപ്പെടാം

ദുബായ്- ഓണ്‍ലൈനില്‍ വാടക വീടു തപ്പിയ പ്രവാസി ഷാര്‍ജയില്‍ തട്ടിപ്പിനിരയായി. യുഎഇയിലെ ജനപ്രിയ പരസ്യ പോര്‍ട്ടലായ ഡുബിസിലില്‍ വാടക വീട് പരസ്യം കണ്ട് ഫഌറ്റ് തേടിയിറങ്ങിയ പാക്കിസ്ഥാനി ബയോമെഡിക്കല്‍ എഞ്ചിനീയറാണ് കുരുക്കിലായത്. ആയിരക്കണിക്ക് യുഎഇ നിവാസികള്‍ ആശ്രയിക്കുന്ന പോര്‍ട്ടലില്‍ ഒരു സംശയത്തിനും ഇട നല്‍കാത്ത വിധത്തിലായിരുന്നു തട്ടിപ്പുകാരന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായി പരസ്യം നല്‍കിയിരുന്നത്. ദുബായിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായ പാക്കിസ്ഥാനി അര്‍സലാന്‍ ഫിര്‍ദൗസി ഷാര്‍ജയിലെ അല്‍ തആവുനില്‍ രണ്ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് തെരയുകയായിരുന്നു. ഡുബിസിലില്‍ കണ്ട പര്യസത്തിലെ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റെന്ന് പരിചയപ്പെടുത്തിയ ആള്‍ നേരിട്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ വീട്ടിലെത്താമെന്നറിയിച്ചു. 

താമസിയാതെ വീട്ടിലെത്തിയ ഇയാള്‍ തന്നെ അല്‍ തആവുനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും അവിടെ ഏതാനും ഫഌറ്റുകള്‍ കാണിക്കുകയും ചെയ്തു. ഇതില്‍ ഇഷ്ടപ്പെട്ട ഒന്നു തെരഞ്ഞെടുത്തപ്പോള്‍  വാടക അടവു രീതി ചര്‍ച്ച ചെയ്യുകയും ഒറ്റ ചെക്കായി പണം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ബുക്കിങ് ഫീസ് ആയി 2000 ദിര്‍ഹം ഇയാള്‍ വാങ്ങുകയും അതിന് രശീത് നല്‍കുകയും ചെയ്തു. ഈ ഇടപാടില്‍ സംശയത്തിന് ഇട നല്‍കുന്ന ഒന്നും ഉണ്ടായിരുന്നില്ലെന്നും ഫിര്‍ദൗസി പറയുന്നു. 

എന്നാല്‍ ഏറെ ദിവസം പിന്നിട്ടിട്ടും ബുക്കിങ് ഫീസും വാങ്ങിപ്പോയ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ലാതായതോടെയാണ് ഫിര്‍ദൗസ് തട്ടിപ്പ് മണത്തത്. രസീതില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഓഫീസ് നമ്പറില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല. ഇതോടെ തട്ടിപ്പിനിരയായതായി വ്യക്തമായെന്ന് ഫിര്‍ദൗസി പറയുന്നു. 

പിന്നീട് ഈ പരസ്യം നല്‍കിയ സ്ഥാപനത്തെ ബന്ധപ്പെടാന്‍ ഡുബിസിലുമായി ബന്ധപ്പെട്ടെങ്കിലും വിവരം ലഭിച്ചില്ല. പരസ്യദാതാക്കളുടെ വിവരങ്ങള്‍ അധികാരികള്‍ക്കു മാത്രമെ കൈമാറൂവെന്നായിരുന്നു ഡുബിസില്‍ അറിയിച്ചത്. പിന്നീട് പരാതിയുമായി ദുബയ് പോലീസിനേയും പിന്നീട് ഷാര്‍ജ പോലീസിനെയും സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് ഫിര്‍ദൗസി പറയുന്നു. അല്‍ തആവുന്‍ ഷാര്‍ജയില്‍ ആയതിനാല്‍ അവിടത്തെ പോലീസിനെ ബന്ധപ്പെടാനാണ് ദുബയ് പോലീസ് അറിയിച്ചത്. ഷാര്‍ജ പോലീസിനെ സമീപിച്ചപ്പോള്‍ ഷാര്‍ജ ഡെവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റില്‍ പരാതിപ്പെടാന്‍ നിര്‍ദേശിച്ചു. ഇവരുടെ ഓഫീസില്‍ നേരിട്ടെത്തിയപ്പോള്‍ പരാതി ഓണ്‍ലൈനായി നല്‍കാന്‍ ആവശ്യപ്പെട്ടു. അതും ചെയ്തു. എങകിലും ഇതുവരെ തട്ടിപ്പുകാരന്റെ പൊടിപോലും കിട്ടിയില്ലെന്ന് ഫിര്‍ദൗസി പരിതപിക്കുന്നു.
 

Latest News