എടപ്പാള്‍ - യു.എ.ഇയിലേക്ക് സന്ദര്‍ശന വിസയില്‍ പോയ മകനെപ്പറ്റി നാലു മാസമായി ഒരു വിവരവുമില്ല എന്ന് മാതാപിതാക്കളുടെ പരാതി. വട്ടംകുളം നെല്ലിശ്ശേരി മുക്കടെ കാട്ടില്‍ അബ്ദുല്ലത്തീഫ്- ബുഷറ ദമ്പതികളുടെ മകന്‍ ജംഷീറിനെ (24) ആണ് കാണാതായിരിക്കുന്നത്. 2022 നവംബര്‍ 12നാണ് ആദ്യമായി വിസിറ്റിംഗ് വിസയില്‍ യുഎഇയിലേക്ക് പോയിരുന്നത്. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജംഷീറിനെ 2023 ഏപ്രില്‍ നാലിന് ശേഷമാണ് ഒരു വിവരവും ലഭിക്കാതിരുന്നത് .ഏപ്രില്‍ നാലിന് വീട്ടുകാരുമായി വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നു .തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു .മകനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രി ,ഡിജിപി, എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 22ന് ജംഷീര്‍ യു.എ.ഇയില്‍ നിന്നും ഹൈദരാബാദിലേക്ക് വിമാനം കയറിയതായി എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരം ലഭിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും രണ്ടുപേര്‍ അന്വേഷണ ഭാഗമായി ഹൈദരാബാദിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തിയ പോലീസിന് ജംഷീര്‍ ഹൈദരാബാദിയില്‍ എത്തിയതായി രേഖകള്‍ സഹിതം വിവരം ലഭിച്ചു. പക്ഷേ ഇതുവരെയും യുവാവിനെ പറ്റി മറ്റൊരു വിവരവും ലഭ്യമായിട്ടില്ല. തന്റെ മകനെ ഹൈദരാബാദിലേക്ക് പോകേണ്ടതായ ആവശ്യങ്ങളൊന്നും ഇല്ലെന്നാണ് മാതാപിതാക്കള്‍ തറപ്പിച്ചു പറയുന്നത്.