കാലടി- കാഞ്ഞൂര്‍ പഞ്ചായത്തോഫീസിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയേടം കുത്തുകല്ലുങ്കല്‍ വീട്ടില്‍ ഗംഗാധരന് മകന് അനൂപി(38)നെ യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം നിലവില്‍ പ്രത്യേക ജോലികളൊന്നും ചെയ്തിരുന്നില്ല. ഞായറാഴ്ച ഉച്ചയ്ക്കുശേഷം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് ഇന്നലെ രാവിലെയും മാറ്റാതായതോടെ സമീപവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിനനുസരിച്ച് എത്തിയ കാലടി പോലീസ് മൃതദേഹം കാഞ്ഞൂരിലെ സ്വകാര്യാശുപത്രിയിലും അങ്കമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോട്ടം നടത്തണമെന്ന ഉപദേശത്തെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിവാഹമോചിതനും ഒരു കുട്ടിയുടെ പിതാവുമായ അനൂപിന്റെ മാതാവ് അജിത. ഏകസഹോദരി രശ്മി.