ഖമീസ് മുശൈത്ത്- ജോലിയില്ലാതെ സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിച്ച് വന്നിരുന്ന ജോസിന് സാന്ത്വനം പകർന്ന് അസീർ പ്രവാസി സംഘം.കൺസ്ട്രക് ഷൻ തൊഴിലാളിയും നെയ്യാറ്റിൻകര സ്വദേശിയുമായ ജോസ് അഞ്ച് മാസത്തോളമായി ജോലിയില്ലാതെയും എന്നാൽ സാമ്പത്തീക പ്രയാസം നിമിത്തം നാട്ടിലേക്ക് മടങ്ങാൻ പറ്റാത്ത സാഹചര്യത്തിലുമായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട അസീർ പ്രവാസി സംഘം ഖമീസ് ഏരിയ കമ്മറ്റി വിഷയത്തിലിടപ്പെടുകയും ജോസിന് യാത്രക്കാവശ്യമായ വിമാന ടിക്കറ്റ് ഉൾപ്പെടേയുള്ള സഹായങ്ങൾ നൽകുകയും ചെയ്തു.
ഖമിസ് ഏരിയ റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ യാത്ര ടിക്കറ്റ് ജോസിന് കൈമാറി. അസീർ പ്രവാസി സംഘം രക്ഷധികാരി സമിതി അംഗം താമരാക്ഷൻ ക്ലാപ്പന, ടൗൺ യൂണിറ്റ് സെക്രട്ടറി വിശ്വനാഥൻ, ഏരിയ മെമ്പർമാരായ സുരേന്ദ്രൻ പിള്ള, രാജേഷ്, ജംഷി, അശോകൻ പി. വി എന്നിവർ സംബന്ധിച്ചു.