നെടുമ്പാശ്ശേരി- കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയെത്തുടർന്ന് കൊച്ചി വിമാനത്താവളത്തിലെ വിമാനങ്ങളുടെ പാർക്കിങ് മേഖല വെള്ളത്തിനടിയിലായതായി സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് സിയാൽ അറിയിച്ചു. വിദേശത്തെ ഒരു വിമാനത്താവളത്തിന്റെ വീഡിയോയാണ് ഇത് സംബന്ധിച്ച് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള പല വിമാന
കമ്പനികളും കൊച്ചിയിൽ സർവീസ് നടത്തുന്നില്ല. യാത്രക്കാരിൽ ആശങ്ക ജനിപ്പിക്കുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുമായി സിയാലിലെ സാഹചര്യങ്ങൾക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ല.
കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സിയാൽ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ ഒരു സർവീസ് പോലും വൈകുകയോ മുടങ്ങുകയോ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിടുകയോ ചെയ്തിട്ടില്ല. മഴ കാരണം റോഡ്, റെയിൽ മാർഗങ്ങളിലുണ്ടായിട്ടുള്ള തടസ്സങ്ങൾ മുൻകൂട്ടി കണ്ട് യാത്രക്കാർ യാത്രാ പദ്ധതി തയാറാക്കണമെന്നും സിയാൽ അഭ്യർഥിച്ചു.