തിരുവനന്തപുരം- സംസ്ഥാനത്തേക്കു വരുന്ന അതിഥി തൊഴിലാളികളെ തൊഴില്‍ വകുപ്പിന് കീഴിലുള്ള അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് നേരിട്ടും കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. https://athidhi.lc.kerala.gov.in/ എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ വിവരങ്ങൾ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.
സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കും. ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കും.