കൊച്ചി- ഭീകര പ്രവർത്തനത്തിനായെത്തിയ കള്ളപ്പണം വെളുപ്പിക്കുന്നതിനായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിസോർട്ടുകളിൽ നിക്ഷേപിച്ചുവെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്്. കേരളത്തിൽ സ്വന്തമായും ബിനാമി പേരുകളിലും പോപ്പുലർ ഫ്രണ്ട് റിസോർട്ട് വ്യവസായം നടത്തുന്നുണ്ടെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. മൂന്നാർ, വാഗമൺ, വയനാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് നിക്ഷേപം ഇറക്കിയിട്ടുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു. ഇക്കാര്യം ആരോപിച്ച് ഇടുക്കി മാങ്കുളത്ത് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിമസാർട്ട് കണ്ടുകെട്ടി.
മൂന്നാർ വില്ല വിസ്ത എന്ന റിസോർട്ടിലെ നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത്. ആകെ 2.53 കോടിയുടെ വസ്തുവാണിത്. വില്ലകൾ പൂട്ടി സീൽ ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് വില്ലകൾ പ്രവർത്തിച്ചതെന്ന് ഇ.ഡി വ്യക്തമാക്കി. വിൽപ്പന നടത്താത്ത നാല്ല് വില്ലകളും 6.75 ഏക്കർ ഭൂമിയും അടങ്ങുന്നതാണ് 'മൂന്നാർ വില്ല വിസ്ത' പ്രൊജക്ട്. പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവിടെ റെയ്ഡ് നടത്തിയിരുന്നു.