Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥി അനുകൂല നിലപാടുകള്‍ ബാലാവകാശ കമീഷന്‍ അംഗത്തെ ശ്രദ്ധേയനാക്കുന്നു

ബാലാവകാശ കമ്മിഷന്‍ അംഗം റെനി ആന്റണി

കൊല്ലം- വിദ്യാര്‍ഥികളുടെ ക്ഷേമവും താല്‍പര്യങ്ങളും മുന്‍നിര്‍ത്തിയുള്ള ബാലാവകാശ കമ്മിഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവുകള്‍ ശ്രദ്ധേയമാകുന്നു.  സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകളും പഠന,വിനോദ യാത്രകളും നിര്‍ത്തലാക്കണമെന്നതാണ് അദ്ദേഹം പുറപ്പെടുവിച്ച ഏറ്റവും പുതിയ ഉത്തരവ്.
ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് അനുമതിയില്ലാതെ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നതിനു നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു വാളകം മാര്‍ത്തോമ്മാ ഹൈസ്‌കൂള്‍ അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സാം ജോണ്‍ നല്‍കിയ ഹരജിയിലാണു കമ്മിഷന്‍ ഉത്തരവ്.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാക്കാലത്തു ട്യൂഷന്‍ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകള്‍ സാധാരണ പഠനസമയത്തിനു ശേഷമായതിനാല്‍ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവുന്നെന്നും രക്ഷിതാക്കള്‍ക്കു മാനസിക സമ്മര്‍ദം ഏല്‍പ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണു കമ്മീഷന്‍ അംഗം റെനി ആന്റണി ഉത്തരവിട്ടത്. സ്‌കൂളുകളില്‍നിന്നുള്ള പഠന, വിനോദ യാത്രകള്‍ വകുപ്പിന്റെ അനുമതിയോടെ അധ്യാപകരുടെ കൃത്യമായ നിര്‍ദേശത്തിലും നേതൃത്വത്തിലുമാണു നടക്കുന്നത്.
എന്നാല്‍ ട്യൂഷന്‍ സെന്ററുകളിലെ യാത്രകള്‍ക്കു പ്രത്യേക അനുമതിയോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ അപകടസാധ്യതയുണ്ടെന്നും പഠന,വിനോദ യാത്രകളുടെ മാര്‍ഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കായിക പീരീഡുകൡ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന ഉത്തരവിന് പിന്നിലും റെനി ആന്റണി ആയിരുന്നു. കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുന്നതിന് സഹായിക്കുന്ന ഈ ഉത്തരവ് ഒരു സെമിനാറിനിടെ ഉന്നയിക്കപ്പെട്ട ആവശ്യം കണക്കിലെടുത്താണ് പുറപ്പെടുവിച്ചത്. ഘോഷയാത്രകളില്‍ കുട്ടികള്‍ക്ക് മുന്നില്‍ സ്ഥാനം കൊടുക്കണമെന്നും നേതാക്കള്‍ പിന്നിലേക്ക് മാറണമെന്നും ഉത്തരവിട്ടതും ഇത്തരം പരിപാടികള്‍ രാവിലെ 10 മണിക്ക് മുമ്പ് നടത്തണമെന്ന് നിര്‍ദേശിച്ചതും കമീഷന്‍ അംഗം റെനി ആന്റണി തന്നെ.

 

 

Latest News