ലണ്ടന്‍ - ഇല്ല, മഹേന്ദ്ര ധോണി വിരമിക്കുന്നില്ല. സൗരവ് ഗാംഗുലിയും സുനില്‍ ഗവാസ്‌കറും ഗൗതം ഗംഭീറുമടങ്ങുന്ന വിമര്‍ശകരുടെ മോഹങ്ങള്‍ വെറുതെയായി. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ തോറ്റ ശേഷം അമ്പയറില്‍ നിന്ന് ധോണി പന്ത് ചോദിച്ചു വാങ്ങിയതാണ് ഊഹാപോഹം പ്രചരിക്കാന്‍ കാരണം. അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച ടെസ്റ്റില്‍ സമനിലക്കു ശേഷം സ്റ്റമ്പെടുത്താണ് ധോണി കളം വിട്ടതെന്ന് പലരും ആലോചിച്ചു.
എന്നാല്‍ പന്ത് വാങ്ങിയത് മറ്റൊരു കാര്യത്തിനാണെന്ന് ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി വിശദീകരിച്ചു. അപ്പോള്‍ വിരമിക്കലായിരുന്നില്ല ധോണിയുടെ മനസ്സില്‍. മറിച്ച് ടീമിന്റെ ബൗളിംഗ് എങ്ങനെ മെച്ചപ്പെടുത്താമെന്നതു മാത്രമാണ്. ധോണിയെന്ന കുശാഗ്ര ബുദ്ധി ആ പന്ത് സ്വന്തമാക്കിയത് ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണിനെ കാണിക്കാനാണ്. ഇംഗ്ലണ്ടിലെ മത്സരത്തിനു ശേഷം ഒരു പന്തിന് സംഭവിക്കുന്ന തേയ്മാനം കോച്ചിന് കാണിച്ചു കൊടുക്കാനും അതില്‍ നിന്ന് ബൗളര്‍മാര്‍ പാഠമുള്‍ക്കൊള്ളാനുമായിരുന്നു. എന്തായാലും ധോണി അങ്ങനെയങ്ങ് വിടവാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. ബാറ്റിംഗില്‍ അല്‍പം പഴി കേട്ടെങ്കിലും വിക്കറ്റ്കീപ്പിംഗില്‍ ഇപ്പോഴും ധോണിയെ വെല്ലാന്‍ അധികമാരുമില്ല.