Sorry, you need to enable JavaScript to visit this website.

ചെകുത്താന്റെ വീടാക്രമിച്ചെന്ന കേസിൽ ബാലയുടെ മൊഴിയെടുത്തു

കൊച്ചി- ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യു ട്യൂബർ അജു അലക്‌സിന്റെ വീട്ടിൽ കയറി അക്രമം നടത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ മൊഴി തൃക്കാക്കര പോലീസ് രേഖപ്പെടുത്തി. കരൾ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ബാലയുടെ പാലാരിവട്ടത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ബാലയുടെ കൈവശമുണ്ടെന്ന് ചെകുത്താൻ ആരോപിക്കുന്ന തോക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അജു അലക്‌സിന്റെ വീട്ടിൽ ചെന്നതിന്റെ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ബാല പോലീസിന് കൈമാറി. പരാതി കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ബാലയും ബാലയുടെ അഭിഭാഷകയും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അജു അലക്‌സ് നൽകിയ പരാതിയിൽ പറയുന്ന സമയവും സി സി ടി വി ദൃശ്യങ്ങളിലുള്ള സമയവും പൊരുത്തപ്പെടാത്തതാണ്. താൻ ആ വീട്ടിൽ വളരെ കുറച്ചു സമയം മാത്രമാണ് ഉണ്ടായിരുന്നതെന്നും സി സി ടി വി വ്യക്തമാക്കുന്നതായി അവർ അവകാശപ്പെട്ടു. 

അതേസമയം കേസിൽ തനിക്കൊപ്പം പ്രതി ചേർക്കപ്പെട്ടിട്ടുള്ള ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി എന്ന യു ട്യൂബർ പ്രശ്‌നങ്ങൾ സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞാണ് ചെകുത്താൻ എന്നയാളുടെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോയതെന്ന് ബാല പറയുന്നു. അവർ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെന്ന് ബോധ്യമുള്ളതിനാൽ താൻ അവരുടെ മുറി പരിശോധിച്ചതായി ബാല സമ്മതിച്ചു. ചെകുത്താൻ എന്ന പേരിൽ മറ്റുള്ളവരെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന യു ട്യൂബർക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകുമെന്നും സുപ്രീം കോടതിയിൽ വരെ പോകാൻ തയ്യാറെടുത്തിരിക്കുകയാണെന്നും ബാല പറഞ്ഞു.

ബാല തോക്കെടുത്തിട്ടില്ലെന്നും നാശനഷ്ടം സൃഷ്ടിച്ചിട്ടില്ലെന്നും ബാലക്കൊപ്പമുണ്ടായിരുന്ന സന്തോഷ് വർക്കിയും പറഞ്ഞു. തനിക്ക് മാനസിക പ്രശ്‌നങ്ങളും ഓർമക്കുറവുമുള്ളതിനാലാണ് ചെകുത്താന്റെ മുന്നിൽ വെച്ച് ബാലക്കെതിരെ സംസാരിക്കേണ്ടി വന്നതെന്നും ആറാട്ടണ്ണൻ പറയുന്നു.
 

Latest News