തലശ്ശേരി- സി.പി.എം പ്രാദേശിക നേതാവിനെതിരെ കാപ്പ ചുമത്തി നാട് കടത്തിയതിൽ പാർട്ടിക്കകത്ത് പ്രതിഷേധം. സി.പി.എം മുൻ കെ.സി.കെ നഗർ മുൻ ബ്രാഞ്ച് സെക്രട്ടറി മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി ഹൗസിൽ രാഗേഷിനെ(43)ആണ് കാപ്പ ചുമത്തി പോലീസ് നാടുകടത്തിയത്. രാഗേഷ് നിലവിൽ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.
സ്‌ഫോടക വസ്തു കൈകാര്യം ചെയ്യൽ, അക്രമം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാഗേഷ്.സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമായിരുന്നു നാടുകടത്തൽ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും, ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ആറ് മാസത്തേക്ക് തടഞ്ഞുകൊണ്ടായിരുന്നു ഡി.ഐ.ജിയുടെ ഉത്തരവ്. ഈ നടപടി വന്നപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ സി പി എം പ്രവർത്തകരായ യുവാക്കൾ രാഗേഷിനെ അനുകൂലിച്ചു ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
ഇത്തരം കരിനിയമങ്ങൾ പോലീസ് യഥേഷ്ടം എടുത്ത് പ്രയോഗിക്കുമ്പോൾ ലോക്കൽ കമ്മിറ്റി നേതാക്കൾ ഒഴിച്ച് കേരളത്തിലെ സകല ഘടകങ്ങളിലെ പ്രവർത്തകരും നേതാക്കളും നാടുകടത്തപ്പെടുമെന്നും അധികാരങ്ങളും നിയമങ്ങളും നീതിക്കുവേണ്ടിയായിരിക്കണമെന്നും കാപ്പ ചുമത്തലിനെതിരെ പ്രതിഷേധിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ആഹ്വാനമുയർന്നു. ഇതിന് തുടർച്ചയായി കഴിഞ്ഞ ദിവസം രാത്രി പാർട്ടി നിർദ്ദേശം ലംഘിച്ച് സ്ത്രീകളും, കുട്ടികളുമുൾപ്പടെ 70 ഓളം യുവാക്കൾ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ സി.പി.എമ്മിന്റെയോ യുവജന സംഘടനകളുടെയൊ നേതാക്കന്മാർ പ്രകടനത്തിൽ പങ്കെടുത്തില്ല. രാഗേഷിനെതിരായ കാപ്പ ചുമത്തലിൽ പാർട്ടിയുടെയും യുവജനപ്രസ്ഥാനങ്ങളുടെ നിലപാടും യുവാക്കൾ ചർച്ചാവിഷയമാക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിൽ രാഗേഷിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പോസ്റ്റുകളും നിറയുകയാണ്.